കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിലൂടെയുള്ള രാഹുലിന്റെ പ്രതികരണം.
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് യുവതി ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിലൂടെയുള്ള രാഹുലിന്റെ പ്രതികരണം. ഏറെ നാളത്തെ ആരോപണങ്ങൾക്കിടെ ഇന്നാണ് വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകിയത്. നേരിട്ടെത്തിയാണ് പരാതി കൈമാറിയത്. പിന്നാലെ മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനെ വിളിപ്പിക്കുകയും പരാതിയിൽ കേസെടുക്കുന്നത് ചർച്ച ചെയ്യുകയും ചെയ്തു. പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം
കാലം നിയമപരമായി തന്നെ
പോരാടും.
നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും.
സത്യം ജയിക്കും….
അടൂർ പ്രകാശ് എം പിയുടെ പ്രതികരണം
അതിനിടെ യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് എം പി രംഗത്തെത്തി. തെരഞ്ഞെടുപ്പ് വരുമ്പോൾ പല കള്ളക്കേസുകളും ഉണ്ടാകുമെന്നും പരാതി ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടേയെന്നുമായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം. കള്ളക്കേസ് ആണോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുണ്ട്. കേസ് തെളിഞ്ഞാൽ മുതിർന്ന നേതാക്കൾ ആലോചിച്ചു തീരുമാനം എടുക്കും. ഇപ്പോൾ പരാതി വരാൻ കാരണം തദ്ദേശ തെരഞ്ഞെടുപ്പാണെന്നും പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.


