യുവതിയെ നിരന്തരം പീഡിപ്പിച്ചെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പരാതിക്ക് പിന്നിൽ സി പി എം - ബി ജെ പി രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് രാഹുലിന്‍റെ വാദം
തിരുവനന്തപുരം: ലൈംഗിക പീഡനകേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷയിൽ ഇന്ന് വിധിയുണ്ടാകും. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷൻ ഇന്ന് ഹാജരാക്കുന്ന പുതിയ തെളിവ് പരിശോധിച്ച് വാദം കേട്ടാകും വിധി. ഇന്നലെ ഒന്നര മണിക്കൂറോളമാണ് പ്രതിഭാഗവും പ്രോസിക്യൂഷൻ കോടതിയിലെ അടച്ചിട്ട മുറിയിൽ വാദം നടത്തിയത്. യുവതിയെ നിരന്തരം പീഡിപ്പിച്ചെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പരാതിക്ക് പിന്നിൽ സി പി എം - ബി ജെ പി രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് രാഹുലിന്‍റെ വാദം. തന്‍റെ ഓഡിയോ റെക്കോർഡ് ചെയ്ത് പുറത്തുവിട്ടതിലും ഗൂഢാലോചന ഉണ്ടെന്നും യുവതിയുടെ സമ്മതത്തോടെയാണ് ഗർഭഛിദ്രം നടന്നതെന്നുമായിരുന്നു രാഹുലിന്‍റെ വാദം.
പാർട്ടിയിൽ നിന്ന് പുറത്താക്കുമോ?
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യേപേക്ഷയിലെ വിധി കൂടി പരിഗണിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന കാര്യത്തിൽ കെ പി സി സി തീരുമാനമെടുക്കും. പുറത്താക്കാൻ ധാരണയായെങ്കിലും കോടതി വിധി കേൾക്കണമെന്ന നിലയിലേക്ക് പാർട്ടി നേതൃത്വം എത്തുകയായിരുന്നു. അച്ചടക്ക നടപടി നീളുന്നതിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. കോടതി വിധിക്ക് ശേഷം നേതാക്കൾ കൂടിയാലോചിച്ചാകും രാഹുലിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. എം എൽ എ സ്ഥാനത്ത് നിന്ന് രാജിവെക്കാൻ പാർട്ടി ആവശ്യപ്പെടില്ലെന്നും സൂചനയുണ്ട്.
ഇന്നലെ നടന്നത് ഒന്നര മണിക്കൂർ നീണ്ട വാദം
ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നലെ കോടതിയിൽ നടന്നത് ഒന്നര മണിക്കൂറോളം നീണ്ട വാദമായിരുന്നു. ഇതിന് ശേഷമായിരുന്നു തുടർവാദത്തിനായി മുൻകൂർ ജാമ്യാപേക്ഷ ഇന്നത്തേക്ക് മാറ്റിയത്. എന്നാൽ കോടതി രാഹുലിന്‍റെ അറസ്‌റ്റ് തടഞ്ഞില്ല എന്നത് ശ്രദ്ധേയമായി. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിലായിരുന്നു ജാമ്യാപേക്ഷയിലെ വാദം നടന്നത്. വാദപ്രതിവാദങ്ങൾ കേട്ട കോടതി പ്രോസിക്യൂഷനോട് കൂടുതൽ രേഖകൾ ഹാജാരാക്കാൻ ആവശ്യപ്പെട്ടു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മറ്റു തെളിവുകൾ ഹാജരാക്കി പ്രോസിക്യൂഷനും വാദിച്ചു. നിലവിൽ 8 ദിവസമായി രാഹുൽ ഒളിവിൽ തുടരുകയാണ്. ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഇക്കാര്യത്തിൽ കോടതി തീർപ്പ് പറഞ്ഞില്ല.


