പല പേരുകള്‍ നേതൃത്വത്തിന് മുന്നിലുണ്ടെങ്കിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിക്കായി നീക്കം സജീവമാണ്.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയുടെ രാജിക്ക് പിന്നാലെ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഇനി ആര് എത്തുമെന്ന ചർച്ചകൾ സജീവം. പല പേരുകള്‍ നേതൃത്വത്തിന് മുന്നിലുണ്ടെങ്കിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിക്കായി നീക്കം സജീവമാണ് എന്നാണ് സൂചന. സംഘടനാ ചട്ട പ്രകാരം പ്രസിഡന്‍റ് രാജി വെച്ചാൽ ചുമതല നൽകേണ്ടത് വൈസ് പ്രസിഡന്റിനാണ്. മറ്റൊരാളെ കൊണ്ട് വരരുത് എന്ന് ഒരു വിഭാഗം യൂത്ത് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. സ്വഭാവിക നീതി അട്ടിമറിക്കരുത് എന്ന് അബിനെ അനുകൂലിക്കുന്നവർ ആവശ്യപ്പെടുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷനായിരുന്ന കമ്മിറ്റിയില്‍ അബിന്‍ വര്‍ക്കി, അരിതാ ബാബു, വിഷ്ണു സുനില്‍, അനുതാജ്, വൈശാഖ് എസ്. ദര്‍ശന്‍, ഒ.ജെ. ജനീഷ്, ഷിബിന എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്. ഇവരില്‍ ഒരാള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്‍ഗാമിയാവാനാണ് സജീവസാധ്യത. യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി ഉപാധ്യക്ഷനായ നേതാവാണ് അബിന്‍ വര്‍ക്കി. തെരഞ്ഞെടുപ്പ് മാനദണ്ഡം പാലിച്ച് അബിന്‍ വര്‍ക്കി അധ്യക്ഷനാവുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തി അറുപതിനായിരത്തോളം വോട്ട് നേടിയതും അബിന് അനൂകൂലമായ ഘടകമാണ്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് സിപിഎമ്മും ബിജെപിയും ആവശ്യപ്പെട്ടു. ഗര്‍ഭഛിദ്രത്തിനുള്‍പ്പെടെ നിര്‍ബന്ധിച്ചുവെന്നത് ഗുരുതര ആരോപണമെന്നും ജനപ്രതിനിധിയായി തുടരുന്നത് കേരളത്തിന് നാണക്കേടെന്നുമായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം. രാഷ്ട്രീയത്തിൽ നിൽക്കാൻ അയോഗ്യനായ രാഹുല്‍ സ്ത്രീകളോട് മാപ്പ് പറയണമെന്ന് ഇ പി ജയരാജനും പ്രതികരിച്ചു. പി കെ ശ്രീമതിയും സമാന പ്രതികരണവുമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയിട്ടുള്ള എല്ലാ അശ്ളീല കൊള്ളരുതായ്മയുടെയും പിതൃത്വം വി ഡി സതീശനാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും പറഞ്ഞു

അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജിക്ക് പിന്നാലെ ഷാഫി പറമ്പിലിനെതിരെ കോൺഗ്രസിൽ നീക്കം തുടങ്ങി. പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവർത്തകൾ ഹൈക്കമാൻഡിന് പരാതി നൽകി. വിവാദങ്ങൾക്കിടെ മാധ്യമങ്ങളെ ഒഴിവാക്കി ഷാഫി പറന്പിൽ എം പി. വോട്ടർ അധികാർ യാത്രയിൽ പങ്കെടുക്കാനായി ബീഹാറിലേക്ക് പോയെന്ന് വിവരം. രാഹുലിൻ്റെ സ്ഥാനാർത്ഥിത്വത്തെ ഡിസിസിയും, പാലക്കാട് എംപിയും എതിർത്തിട്ടും ഷാഫിയുടെ സമ്മർദ്ദത്തിൽ പാർട്ടി തീരുമാനമടുത്തെന്നും പരാതി.

YouTube video player