'പവർ ബ്ലോക്കിന് മേക്കപ്പ് ഇടുന്ന പണി സജി ചെറിയാൻ നിർത്തണം'; രഞ്ജിത്ത് രാജി വെക്കണമെന്നും രാഹുൽ മങ്കൂട്ടത്തിൽ
പരാതി കിട്ടിയാലേ കേസ് എടുക്കൂ എന്ന് പറയുന്നവർ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ നടപടി എടുക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കോഴിക്കോട് ആവശ്യപ്പെട്ടു.
കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനമൊഴിയണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മങ്കൂട്ടത്തിൽ. മന്ത്രി സജി ചെറിയാൻ പവർ ബ്ലോക്കിന് മേക്കപ്പ് ഇടുന്ന പണി നിർത്തണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു. പരാതി കിട്ടിയാലേ കേസ് എടുക്കൂ എന്ന് പറയുന്നവർ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ നടപടി എടുക്കണമെന്നും രാഹുൽ കോഴിക്കോട് ആവശ്യപ്പെട്ടു.
സർക്കാർ വേട്ടക്കാർക്കൊപ്പം നിൽക്കുന്നത് അവസാനിപ്പിക്കണമെന്നും രാഹുൽ മങ്കൂട്ടത്തിൽ വിമര്‍ശിച്ചു. രഞ്ജിത്ത് രാജി വെച്ചില്ലെങ്കിൽ സർക്കാർ പുറത്താക്കണം. സിപിഎമ്മാണ് രഞ്ജിത്തിന് സംരക്ഷണം നൽകുന്നത്. സംസ്ഥാന സെക്രട്ടറിയുടെ മകനാണ് രഞ്ജിത്തിന്റെ അസിസ്റ്റന്റെന്നും രാഹുൽ മങ്കൂട്ടത്തിൽ വിമര്‍ശനം ഉന്നയിച്ചു. സോളാർ കേസ് പരാമർശത്തിലൂടെ ഉമ്മൻ ചാണ്ടിക്കെതിരായ നീക്കം തെളിവ് ഇല്ലാതെ ആയിരുന്നെന്ന് വ്യക്തമായിയെന്ന് പറഞ്ഞ രാഹുൽ, പിണറായിയുടെ പൊലീസ് കാവൽ നായ്ക്കളായി മാറിയെന്നും കുറ്റപ്പെടുത്തി.
കാഫിർ സ്ക്രീൻഷോട്ട് ഇറങ്ങുന്നതിന് മുൻപ് തന്നെ സിപിഎം ഷാഫിക്കെതിരെ വർഗീയ പ്രചരണം നടത്തി. കെ കെ ശൈലജ കേരളത്തിലെ ലക്ഷണം ഒത്ത വർഗീയവാദിയാണെന്നും രാഹുൽ മങ്കൂട്ടത്തിൽ പറഞ്ഞു. ശൈലജ ടീച്ചർ രാഷ്ട്രീയം പറയാതെ വർഗീയത പറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിച്ചുവെന്നും രാഹുൽ മങ്കൂട്ടത്തിൽ ആരോപിച്ചു.