ഒന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.
കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ഒന്നാമത്തെ കേസിലാണിത്. മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ആദ്യത്തെ പരാതിയിൽ വിശദമായ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചുവെങ്കിലും വ്യാഴാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച്ച പരിഗണിക്കുമെന്ന് പറയുമ്പോഴും ക്രിസ്മസ് അവധിക്കായി കോടതി അടക്കുകയാണ്. ജനുവരി ആദ്യവാരത്തിലായിരിക്കും പിന്നീട് കോടതി തുറന്ന് പ്രവർത്തിക്കുക. അതേസമയം, കേസിൽ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് തുടരും. ഇത് രാഹുലിന് താൽക്കാലിക ആശ്വാസമാണ്.
അതേസമയം, രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ നൽകിയ അപ്പീലും പരിഗണിക്കുന്നത് മാറ്റി. ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. മറുപടി നൽകാൻ സമയം വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കുമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചത്.
നിലവിൽ പത്തനംതിട്ടയിലെ അടൂരിലുള്ള വീട്ടിലാണ് രാഹുൽ ഉള്ളത്. കേസുകൾ ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. ബലാത്സംഗക്കേസിൽ ഹൈക്കോടതി വിധി കാത്തുനിൽക്കുകയായിരുന്നു അന്വേഷണ സംഘം. എന്നാൽ അറസ്റ്റ് തടയുന്ന ഇടക്കാല ഉത്തരവ് നിലനിൽക്കുന്നതോടെ എംഎൽഎയെ ചോദ്യം ചെയ്യലുണ്ടാവില്ലെന്നാണ് വിവരം. രാഹുലിൻ്റെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണ് പൊലീസ്. അതേസമയം, പാലക്കാട് മണ്ഡലത്തിലേക്ക് ഇന്ന് തന്നെ തിരിക്കുമെന്നാണ് രാഹുലിൻ്റെ പ്രതികരണം. ചോദ്യം ചെയ്യലിന് ഹാജരാവാൻ തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും എംഎൽഎ പ്രതികരിച്ചിരുന്നു.



