Asianet News MalayalamAsianet News Malayalam

ജയിപ്പിച്ച ജനത്തിന് നന്ദി: രാഹുൽ ഗാന്ധിയുടെ റോഡ് ഷോ അവസാനിച്ചു

ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ച ഒരു രാജ്യവും പുരോഗതിയിലെത്തിയിട്ടില്ല. നരേന്ദ്ര മോദിയുടെ വിഭജന രാഷട്രീയത്തിന് ഇന്ത്യ വലിയ വില കൊടുക്കേണ്ടി വരുമെന്നും രാഹുൽ ഗാന്ധി

rahulgandhi's roadshow after victory in loksabha election ends in mukkam
Author
Wayanad, First Published Jun 9, 2019, 1:15 PM IST

കൽപ്പറ്റ: തന്നെ ജയിപ്പിച്ച വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറയാനായി രാഹുൽ ഗാന്ധി മൂന്ന് ദിവസങ്ങളിലായി നടത്തിയ റോഡ് ഷോ അവസാനിച്ചു. കോഴിക്കോട് മുക്കത്തായിരുന്നു അവസാന പരിപാടി. നൂറു കണക്കിനാളുകളാണ് രാഹുൽ ഗാന്ധിയെ കാണാനായി മുക്കത്തേക്ക് ഒഴുകിയെത്തിയത്. 

ഇന്ന് രാവിലെ ഈങ്ങാപ്പുഴയിലും ജനങ്ങളെ കാണാൻ രാഹുൽ എത്തിയിരുന്നു. ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ച ഒരു രാജ്യവും പുരോഗതിയിലെത്തിയിട്ടില്ല. നരേന്ദ്ര മോദിയുടെ വിഭജന രാഷട്രീയത്തിന് ഇന്ത്യ വലിയ വില കൊടുക്കേണ്ടി വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്നലെ വയനാട്ടിൽ ആറിടത്തും വെള്ളിയാഴ്ച മലപ്പുറത്ത് നാലിടത്തും റോഡ് ഷോ നടത്തിയാണ് രാഹുൽ മടങ്ങുന്നത്. 

''കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ, പക്ഷേ വയനാട്ടിലെ ഏത് പൗരൻമാർക്കും ഏത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്കും എന്‍റെ ഓഫീസിന്‍റെ വാതിൽ തുറന്നു കിടക്കു''മെന്ന് ഇന്നലെ വയനാട്ടില്‍ നടന്ന റോഡ് ഷോയിൽ രാഹുൽ പറ‍ഞ്ഞിരുന്നു. 

രണ്ടാം ദിവസമായ ഇന്നലെ രാത്രിയാത്ര നിരോധനം, വയനാട്ടിലേക്കുള്ള റെയിൽവെ ലൈൻ, ആദിവാസി, കർഷക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ രാഹുൽ ഗാന്ധി പ്രതിനിധി സംഘവുമായി ചർച്ച നടത്തിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു. 

വയനാടിന്‍റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്‍റിൽ ഉന്നയിക്കാമെന്ന് ഉറപ്പു നൽകിയതായും കെ സി വേണുഗോപാൽ അറിയിച്ചു. ഇന്ന് ഉച്ചക്ക് രണ്ടിന് കരിപ്പൂരിൽ നിന്ന് പ്രത്യേക വിമാനത്തിൽ രാഹുൽ ദില്ലിക്ക് തിരിക്കും.
 

Follow Us:
Download App:
  • android
  • ios