Asianet News MalayalamAsianet News Malayalam

ഭാരത് ജോഡോ യാത്ര കേരളത്തിൽ; അതിർത്തിയിൽ രാഹുലിനെ സ്വീകരിച്ച് നേതാക്കൾ, ശക്തിപ്രകടനമാക്കാൻ കെപിസിസി

രാവിലെ പൊതുജനങ്ങൾക്ക് തടസ്സമില്ലാത്ത വിധം, പരമാവധി ആൾക്കൂട്ടമില്ലാതെയായിരിക്കും യാത്രയെന്ന് കെപിസിസി. വൈകീട്ട് സംസ്ഥാനത്തെ കോൺഗ്രസ് കമ്മിറ്റികളുടെയും പ്രവർത്തകരുടെയും ശക്തിപ്രകടനമാക്കി യാത്രയെ മാറ്റും

Rahuls Bharat Jodo Yathra to begin its Kerala Tour today
Author
First Published Sep 11, 2022, 6:50 AM IST

തിരുവനന്തപുരം:  രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തിന് തുടക്കം. രാവിലെ പാറശാലയിൽ നിന്നാണ് കേരള യാത്ര ആരംഭിച്ചത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ അതിർത്തിയിൽ രാഹുലിന്റെ യാത്രയ്ക്ക് സ്വീകരണം നൽകി. രാവിലെ പൊതുജനങ്ങൾക്ക് തടസ്സമില്ലാത്ത വിധം, പരമാവധി ആൾക്കൂട്ടമില്ലാതെയായിരിക്കും യാത്രയെന്ന് കെപിസിസി അറിയിച്ചു. എന്നാൽ, വൈകീട്ട് സംസ്ഥാനത്തെ കോൺഗ്രസ് കമ്മിറ്റികളുടെയും പ്രവർത്തകരുടെയും ശക്തിപ്രകടനമാക്കി യാത്രയെ മാറ്റാനാണ് തീരുമാനം. കേരളത്തിൽ 19 ദിവസമാണ് പര്യടനം. ഇതിനിടയിൽ 7 ജില്ലകളിലൂടെ ഭാരത് ജോഡോ യാത്ര കടന്നു പോകും.

രാവിലെ 7 മുതല്‍ 10 വരെയും തുടര്‍ന്ന് വൈകുന്നേരം നാല് മുതല്‍ രാത്രി ഏഴ് വരെയുമായി ഓരോ ദിവസവും 25 കിലോമീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് തൃശ്ശൂര്‍ നിന്നും നിലമ്പൂര്‍ വരെ സംസ്ഥാന പാത വഴിയുമാണ് പര്യടനം. പാറശാല മുതല്‍ നിലമ്പൂര്‍ വരെ 19 ദിവസം കൊണ്ട് 453 കിലോമീറ്ററാണ് ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം നടത്തുന്നത്. തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തീയതികളില്‍ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 15,16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19, 20 തീയതികളില്‍ ആലപ്പുഴയിലും 21, 22ന് എറണാകുളം ജില്ലയിലും 23, 24, 25 തീയതികളില്‍ തൃശ്ശൂര്‍ ജില്ലയിലും 26നും 27ന് ഉച്ചവരെയുമായി പാലക്കാടും പര്യടനം പൂര്‍ത്തിയാക്കും. 27ന് ഉച്ചയ്ക്ക് ശേഷം മലപ്പുറം ജില്ലയില്‍ പ്രവേശിക്കും.

കേരളത്തിന്റെ ഹൃദയം തൊട്ടറിയാൻ രാഹുൽ; വൻ സംഭവമാക്കാൻ കെപിസിസിയുടെ മാസ്റ്റർ പ്ലാൻ, ജോഡോ യാത്ര നാളെ എത്തും

28, 29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി കര്‍ണാടകത്തിലേക്ക് പ്രവേശിക്കും. ഭാരത് ജോഡോ യാത്ര കടന്ന് പോകുന്ന വിവിധ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ക്രമീകരണങ്ങള്‍ വരുത്തുന്നതിനുമായി വിവിധ കമ്മിറ്റികള്‍ക്കും കെപിസിസി രൂപം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ പാറശ്ശാല, നെയ്യാറ്റിന്‍കര, ബാലരാമപുരം, നേമം, തിരുവനന്തപുരം സിറ്റി, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, ഇടപ്പള്ളി, കൊച്ചി, ആലുവ, അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍, തൃശ്ശൂര്‍, വടക്കാഞ്ചേരി, വള്ളത്തോള്‍ നഗര്‍, ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, പെരുന്തല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങി 43 അസംബ്ലി നിയോജക മണ്ഡലങ്ങളിലും 12 ലോക്‌സഭാ മണ്ഡലങ്ങളിലും ഭാരത് ജോഡോ യാത്ര കടന്നു പോകും. 

'അന്ന് ഓഫീസ് ആക്രമണം, ഇന്ന് പ്രതിയെ പറ്റി പറയുന്നു'; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെ.സി.വേണുഗോപാൽ

രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്നതിന്‍റെ തൊട്ട് മുമ്പാണ് വയനാട്ടിലെ എംപി ഓഫീസ് ആക്രമിച്ചതെങ്കില്‍ ഇപ്പോള്‍ ജാഥ വരുന്നതിന്‍റെ തലേ ദിവസം എകെജി സെന്റര്‍ പ്രതിയെ കുറിച്ചുള്ള വാര്‍ത്ത സിപിഎം കേന്ദ്രങ്ങള്‍ പറഞ്ഞു പരത്തുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍. സിപിഎം ആളുകളെ പറ്റിക്കാന്‍ നോക്കുന്നു. മാസങ്ങളായി പ്രതികളെ കിട്ടാത്തവര്‍ രാഹുലിന്‍റെ ജാഥ വരുന്നതിന്‍റെ തലേദിവസം പ്രതിയെ കിട്ടിയെന്ന് പറയുന്നത് എന്തിനാണെന്നും കെ.സി.വേണുഗോപാൽ ചോദിച്ചു. 

Follow Us:
Download App:
  • android
  • ios