കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ റെയ്ഡിൽ വീണ്ടും ഒരു മൊബൈൽ ഫോൺ പിടിച്ചെടുത്തു. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ  നടന്ന റെയ്ഡിലാണ് ഒരു സ്മാർട്ട് ഫോൺ കണ്ടെത്തിയത്. സെല്ലിന്റെ ഉത്തരത്തിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു ഫോൺ. സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ജയിലിൽ റെയ്ഡ് തുടരുകയാണ്. ഇതോടെ മൂന്ന് സ്മാർട്ട് ഫോണുളടക്കം 11 ഫോണുകളാണ് ഒരാഴ്ചക്കിടെ പിടിച്ചെടുത്തത്

കഴിഞ്ഞ ദിവസം ജയിൽ ഡിജിപിയുടെ മിന്നൽ പരിശോധനയിൽ വിവിധയിടങ്ങളിൽ ഒളിപ്പിച്ചുവച്ചിരുന്ന നാല് മൊബൈൽ ഫോണുകൾ, ഇയർഫോണുകൾ, ചാർജറുകൾ എന്നിവ പിടിച്ചെടുത്തിരുന്നു. ഒരു തടവുകാരനിൽ നിന്ന് കഞ്ചാവും പിടിച്ചെടുത്തു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധയിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 4 തടവുകാരിൽ നിന്ന് മൊബൈൽഫോണുകൾ പിടിച്ചെടുത്തിരുന്നു. ക‌ഞ്ചാവ് ,ഹാൻസ് ഉൾപ്പെടെയുള്ള ലഹരിപദാർത്ഥങ്ങളും റെയ്ഡിൽ പിടിച്ചെടുത്തു. 6 ദിവസം മുൻപ് രണ്ട് തടവുകാരിൽ നിന്ന് സ്മാർട്ട് ഫോണുകൾ പിടിച്ചെടുത്തെന്ന് ജയിൽ അധികൃതർ അറിയിച്ചു. മൊബൈലുകൾ കൈവശം വച്ച ആറ് തടവുകാരേയും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇവർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിരുന്നു.