കോഴിക്കോട്: വടക്കൻമേഖലയിൽ രാത്രി പെയ്ത മഴ വിതച്ചത് വൻനാശം. കോഴിക്കോട്, വയനാട് ജില്ലകളിലെ മലയോര മേഖലയിൽ പലയിടത്തും കനത്ത മഴ തുടരുകയാണ്. രണ്ടിടത്താണ് ഇന്നലെ രാത്രി മാത്രം ഉരുൾപൊട്ടിയത്. പാന വനത്തിൽ ഇന്നലെ വൈകിട്ട് ഉരുൾപൊട്ടി വിലങ്ങാട് പ്രദേശത്ത് വെള്ളം കയറി. ആളപായമില്ല. കുറ്റിയാടി, വാണിമേൽ പുഴകളിൽ ഇതോടെ ജലനിരപ്പ് ഉയർന്നു. ഈ പുഴകളുടെ തീരത്ത് താമസിക്കുന്നവരോട് ബന്ധുവീടുകളിലേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. 

കോടഞ്ചേരി ചാലിപ്പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിലാണ് രാത്രി ഉണ്ടായത്. വനത്തിൽ  ഉരുൾപൊട്ടിയതാവാം മലവെള്ളപ്പാച്ചിൽ ശക്തമാകാൻ കാരണമെന്നാണ് കരുതപ്പെടുന്നത്. ആളപായമില്ല. ചെമ്പുകടവ്, പറപ്പറ്റ പാലങ്ങൾക്ക്  മുകളിലൂടെ വെള്ളം കയറിയിട്ടുണ്ട്. കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് ഗവൺമെന്‍റ് യുപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. 

ചാലിപ്പുഴയുടെ സമീപത്തുള്ള വെണ്ടേക്കുംപൊയിൽ പട്ടികവർഗ്ഗ കോളനിയിലെ 31 കുടുംബങ്ങളെ   മാറ്റിപ്പാർപ്പിച്ചു. കുട്ടികളടക്കം 80 പേർ ക്യാമ്പിലുണ്ട്. ചാലിപ്പുഴ കരകവിഞ്ഞ സാഹചര്യത്തിൽ സമീപത്തുള്ള തേക്കുംതോട്ടം കോളനിയിലെ ഏഴ് കുടുംബങ്ങളെയും  ക്യാമ്പിലേക്ക് ഉടൻ മാറ്റും. 

ഇരുവഞ്ഞിപ്പുഴ, ചാലിയാർ എന്നിവയിൽ ഇന്നലത്തേത് പോലെത്തന്നെ ഇന്നും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മാവൂർ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമാണ്. നിരവധി വീടുകൾ ഇപ്പോഴും വെള്ളം കയറിയ അവസ്ഥയിലാണ്. കോടഞ്ചേരി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂർ, മാവൂർ, വിലങ്ങാട്, കുറ്റിയാടി, വളയം പഞ്ചായത്തുകളും മുക്കം മുനിസിപ്പാലിറ്റിയുമാണ് പ്രധാനമായും കാലവർഷക്കെടുതിയുടെ ഭീഷണി നേരിടുന്നത്.

ഇതിനിടെ, കോഴിക്കോട് ഒളവണ്ണ കൊടിനാട്ട് മുക്കിൽ വയോധിക കിണറ്റിൽ വീണ് മരിച്ചു. കുന്നത്തൊടി ശാരദ (82) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.

നിലമ്പൂരിൽ അതീവജാഗ്രത

മലപ്പുറത്ത് കഴിഞ്ഞ രണ്ട് പ്രളയകാലം വലിയ നാശം വിതച്ച നിലമ്പൂർ മേഖലയിൽ കനത്ത മഴയാണ് ഇപ്പോഴും പെയ്യുന്നത്. നിലമ്പൂർ ജനതപ്പടിയിലെ റോഡിലേക്ക് ചാലിയാർ പുഴയിൽ നിന്ന് വെള്ളം ഇരച്ചുകയറുകയാണ്. നിലമ്പൂർ - ഗൂഡല്ലൂർ അന്തർസംസ്ഥാനപാതയിലേക്കാണ് വെള്ളം കയറുന്നത്. ഇന്നലെയും സമാനമായ രീതിയിൽ വെള്ളം കയറി ഈ പാതയിൽ ഗതാഗതം സ്തംഭിച്ചിരുന്നു. നിറയെ വ്യാപാരസ്ഥാപനങ്ങൾ ഉള്ള പ്രദേശമാണ് ജനതപ്പടി.

മുണ്ടേരിയിലെ മരപ്പാലം ഒലിച്ചുപോയതോടെ, ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികൾ ഒറ്റപ്പെട്ടു. കഴിഞ്ഞ പ്രളയത്തിൽ പാലം ഒലിച്ചു പോയ ശേഷം സ്ഥാപിച്ച മുളപ്പാലമാണ് ഒലിച്ചു പോയത്. കരിമ്പുഴ നിറഞ്ഞുകവിഞ്ഞതോടെ, കരുളായി, നെടുങ്കയം കോളനി നിവാസികളെ പുള്ളിയിൽ സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി. 

കനത്ത മഴയിൽ മലപ്പുറം ഒതായിയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്‍റെ ഒരു ഭാഗം തകർന്നു വീണു. പള്ളിപ്പറമ്പൻ നൗഷാദിന്‍റെ വീടിന്റെ ഒരു ഭാഗമാണ് തകർന്നുവീണത്. ആളപായമില്ല. നിലമ്പൂരിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നിട്ടുണ്ട്. ഇതോടെ മേഖലയിൽ ആകെ ആറ് ക്യാമ്പുകളായി. 74 കുടുംബങ്ങളിലെ 366 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുന്നത്. കനത്ത മഴ തുടരുന്നതിനാൽ കരുവാരക്കുണ്ട് ആർത്തല കോളനിയിലെ അഞ്ചു കുടുംബങ്ങളെ കരുവാരക്കുണ്ട് ഗവ. സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു.

സാഹചര്യം നേരിടാൻ സംവിധാനമൊരുക്കണമെന്ന് രാഹുല്‍ഗാന്ധി എംപി മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

വയനാട്

വയനാട് വാളാട് കോറോം കരിമ്പിൽ മേഖലയിൽ കബനീ നദി കര കവിഞ്ഞതിനെ തുടർന്ന് വീടുകളിൽ വെള്ളം കയറി. ഇവിടെ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്. വീടുകളും പഴശ്ശി ഫാമും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ഇവിടെ ഇപ്പോഴും വെള്ളം കയറിക്കൊണ്ടിരിക്കുന്നുവെന്നാണ് വിവരം. മാനന്തവാടി നിരവിൽ പുഴയിൽ  റോഡിൽ വെള്ളം കയറി കുറ്റിയാടി - വയനാട് പാതയിൽ ഗതാഗതം സ്തംഭിച്ചിട്ടുണ്ട്.

വയനാട്ടില്‍ ഇന്നലെ വരെ 1500-ഓളം പേരെയാണ് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയത്. പടിഞ്ഞാറത്തറയില്‍ റോഡിന്‍റെ ഒരു ഭാഗം ഒലിച്ചുപോയി.

മാനന്തവാടി താലൂക്കിലെ എടവകയടക്കമുളള പഞ്ചായത്തുകളില്‍ മൂന്നു ദിവസമായിട്ടും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല. ജില്ലയില്‍ 20 ഹെക്ടറിലധികം കൃഷിഭൂമി ഇതിനകം വെളളത്തിനടിയിലായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 

കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ദുരന്തനിവാരണ നിയമ പ്രകാരം കേസെടുക്കും. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ജില്ലാ ജിയോളജിസ്റ്റ്, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

മേപ്പാടി ചൂരൽമല ഭാഗത്ത് തുടർച്ചയായ മഴ ഉരുൾപൊട്ടലിലേക്കും മണ്ണിടിച്ചിലിലേക്കും നയിച്ചേക്കുമെന്ന വിലയിരുത്തലിലാണ് ജില്ലാ ഭരണകൂടം. ഈ പ്രദേശങ്ങളിലുള്ളവരോട് അതീവ ജാഗ്രത പാലിക്കാൻ നി‍ർദേശം നൽകിയിട്ടുണ്ട്. ആറ് ദിവസത്തിൽ ഇവിടെ 120 സെന്‍റീമീറ്റർ മഴയാണ് ലഭിച്ചത്.