തിരുവനന്തപുരം: ചില പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും സംസ്ഥാനത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. പാലക്കാടും കണ്ണൂരും മഴ കുറഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. 

കണ്ണൂരില്‍ വെള്ളക്കെട്ട് കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വെള്ളത്തിനടിയിലായ ശ്രീകണ്ഠാപുരത്ത് രക്ഷാപ്രവർത്തനത്തിന് സൈന്യവും എത്തി. 

കോഴിക്കോട് നഗരത്തിൽ  മഴ തുടരുകയാണ്. ഇന്നലെ രാത്രി മാത്രം ജില്ലയില്‍ 24 ക്യാമ്പുകള്‍ തുറന്നു. കോഴിക്കോട് കോരപ്പുഴയിൽ താൽക്കാലിക നടപ്പാലം ഒലിച്ചു പോയി. അപകടത്തില്‍ ആളപായമില്ല. പന്തീരാങ്കാവിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. നിരവധി വീടുകളി വെള്ളം കയറി. ചാലിയാർ കരകവിഞ്ഞ് ഫറോക്ക് പാലത്തിലെ ഡേഞ്ചർ സോൺ മാർക്കിനും മുകളിലെത്തി. കുറ്റിപ്പുറം,ഷൊർണൂർ, കോഴിക്കോട് ഭാഗത്തേക്ക്  ഇന്നും ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കില്ല. 

കാസര്‍ഗോ‍ഡും കനത്ത മഴ തുടരുകയാണ്. ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളിലെല്ലാം വെള്ളം ഉയർന്നിട്ടുണ്ട്. തേജസ്വിനി പുഴ കര കവിഞ്ഞ് കയ്യൂർ അരയകടവ് പ്രദേശം പൂർണമായും വെള്ളത്തിലാണ്. ഇന്നലെ സ്ഥലത്തെ ഉയർന്ന വീടുകളിലേക്കാണ് ആളുകൾ മാറി താമസിച്ചത്. ഇന്ന് അവിടേക്കും വെള്ളം കയറി. ജില്ലയുടെ തെക്കൻ മേഖലയിലാണ് കാലവർഷക്കെടുതി കൂടുതൽ അനുഭവപ്പെടുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫിസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റി.

വയനാട്ടിലെ അട്ടപ്പാടിയിൽ ഊരുകൾ തമ്മിൽ ബന്ധിപ്പിച്ചിരുന്ന പല പാലങ്ങളും തകർന്നു. വണ്ണാന്തറയിലെ കോൺക്രീറ്റ് പാലം തകർന്നതോടെ മൂന്ന് ഊരുകളിലെ  ജനങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവർത്തകർക്കും  ഇവിടേക്ക് എത്താൻ കഴിയുന്നില്ല.