ഇന്ന് രാവിലെ ആറര മുതലാണ് വീടിന് ചെരിവ് സംഭവിച്ച് തുടങ്ങിയത്. ഈ സമയത്ത് വീടിനുള്ളില്‍ ഹംസയുടെ ഭാര്യയും മകളും മാത്രമാണുണ്ടായിരുന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഇവരെ വീടിന് പുറത്തെത്തിച്ചു.

കൊച്ചി: കൊച്ചി കളമശേരിയിൽ ചെരിഞ്ഞ ഇരുനില വീട്ടിലെ താമസക്കാരെ രക്ഷപെടുത്തി. കൂനംതൈയ്യിലുളള ഹംസയുടെ വീടാണ് രാവിലെ എട്ട് മണിയോടെ ചരിഞ്ഞത്. വീട്ടിലുള്ളവരെ രക്ഷപ്പെടുത്തി. ബലക്ഷയത്തിന്‍റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു.

വീടിന്‍റെ താഴത്തെ നില പൂർണമായി മണ്ണിലേക്ക് അമർന്നു പോയി. മുകളിലത്തെ നിലയും അതിന് മുകളിൽ ആസ്ബറ്റോസ് ഇട്ട ഭാഗവുമാണ് ഇപ്പോൾ പുറത്തുകാണുന്നത്. മുകൾ നിലയിലായിരുന്നു ഹംസയും കുടുംബവും താമസിച്ചിരുന്നത്. സംഭവത്തിന് തൊട്ടുപിന്നാലെ അയൽവാസികളാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്. വീടിന്‍റെ താഴത്തെ നില ഇരുപത് വ‍ർഷം മുമ്പ് ചെങ്കല്ലുകൊണ്ട് നി‍ർമിച്ചതാണ്. കനത്ത മഴയിൽ കുതിർന്ന് താഴേക്ക് ഇരുന്നുപോയതാകാം എന്നാണ് കരുതുന്നത്.

ഒരു വശത്തേക്ക് ചെരിഞ്ഞ വീട് തൊട്ടടുത്ത കെട്ടിടങ്ങൾക്ക് മുകളിലേക്ക് വീഴാതിരിക്കാൻ താൽക്കാലിക ക്രമീകരണം ഏർ‍പ്പെടുത്തിയിട്ടുണ്ട്. നഗരസഭാ അധികൃതരുംഫയർഫോഴ്സും എത്തി വീട് പൊളിച്ചുനീക്കാനുളള ശ്രമം തുടങ്ങി. മണ്ണിലേക്ക് പുതഞ്ഞുപോയ താഴത്തെ നിലയിൽ കഴിഞ്ഞ ദിവസം വരെ വാടകയ്ക്ക് ആളുകൾ താമസിച്ചിരുന്നു. ഇവർ കഴിഞ്ഞ ദിവസമാണ് വീടൊഴിഞ്ഞുപോയതത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona