ആലപ്പുഴയും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ നാളെയും യെല്ലോ അലർട്ടായിരിക്കും.

തിരുവനന്തപുരം: കാലവർഷം പൂർണമായും പിൻവാങ്ങി. തെക്കേ ഇന്ത്യയിൽ തുലാവർഷം തുടങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുലാവർഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴയ്ക്ക് (Rain) സാധ്യതയുണ്ട്. ആലപ്പുഴയും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ നാളെയും യെല്ലോ അലർട്ടായിരിക്കും.

Add Asianetnews as a Preferred SourcegooglePreferred

മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കേരളാ തീരത്ത് നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ബംഗാൾ ഉൾക്കടലിൽ നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്.

പാലക്കാടിന്‍റെ സൈലന്‍റ് വാലി മേഖലയില്‍ ഉച്ചതിരിഞ്ഞ് അതിശക്തമായ മഴയാണ് പെയ്തത്. കനത്ത മഴയില്‍ മണ്ണാർക്കാട് തത്തേങ്ങലം ഭാഗത്തെ നിരവധി വീടുകളിൽ വെള്ളം കയറി. കല്ലംപൊട്ടി ചപ്പാത്തിന് കുറുകെയുള്ള ഇരുമ്പ് പാലം ഒലിച്ച് പോയി. തത്തേങ്ങലം മേഖലയിലുള്ളവരെ സമീപത്തെ സ്കൂളിലേക്ക് മാറ്റി. അട്ടപ്പാടി ചുരത്തിലും ശക്തമായ മഴയാണ് ലഭിച്ചത്. ഇന്നലെയും മണ്ണാർക്കാട്, കിഴക്കൻ അട്ടപ്പാടി മേഖലകളില്‍ അതിശക്തമായ മഴയാണ് ഉണ്ടായത്. ജില്ലയില്‍ നിലവില്‍ നാല് താലൂക്കുകളായി എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. എട്ട് ക്യാമ്പുകളിലായി 162 കുടുംബങ്ങളിലെ 436 പേരാണ് കഴിയുന്നത്.