ആർ.എൽ.വി രാമകൃഷ്ണനെ, സത്യഭാമ അവഹേളിച്ചത്തിന് സമാനമായ അധിക്ഷേപമാണ് രാജൻ ഗുരുക്കളുടേതെന്ന് ഡോ. പി.കെ പോക്കർ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവാരത്തെച്ചൊല്ലി ഇടതു സൈദ്ധാന്തികർ തമ്മിൽ തർക്കം. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനും മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസിലറുമായ രാജൻ ഗുരുക്കൾക്കെതിരെ ഡോ. പി കെ പോക്കർ. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം മണ്ണുണ്ണികളെ സൃഷ്ടിക്കുന്നു എന്ന രാജൻ ഗുരുക്കളുടെ പരാമർ ശത്തെ ചൊല്ലിയാണ് തർക്കം. 

രാജൻ ഗുരുക്കൾ കേരളത്തിലെ വിദ്യാർത്ഥികളെ അവഹേളിച്ചതായി ഡോ. പി കെ പോക്കർ ആരോപിച്ചു. വരേണ്യരുടെ വിമർശനമാണ് രാജൻ ഗുരുക്കൾ ഉയർത്തിയതെന്നും അദ്ദേഹം ഒരു ദിനപ്പത്രത്തിൽ എഴുതിയ ലേഖനത്തിൽ വിമർശിക്കുന്നു. ആർ.എൽ.വി രാമകൃഷ്ണനെ, സത്യഭാമ അവഹേളിച്ചത്തിന് സമാനമായ അധിക്ഷേപമാണ് രാജൻ ഗുരുക്കളുടേതെന്നും ഡോ. പി.കെ പോക്കർ അഭിപ്രായപ്പെട്ടു.

ഒരു മാസികയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് കേരളത്തിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നിലവാരം സംബന്ധിച്ച് രാജൻ ഗുരുക്കൾ ചില പരാമർശങ്ങൾ നടത്തിയത്. വിദ്യാർത്ഥികൾ സ്വയം പഠിക്കുന്നില്ലെന്നും സ്പൂൺ ഫീഡിങിലൂടെ അവർ മണ്ണുണ്ണികളായി മാറുന്നു എന്നും രാജൻ ഗുരുക്കൾ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇതിനെ എതിർത്തുകൊണ്ടാണ് 'ആരാണ് ഗുരുക്കളേ മണ്ണുണ്ണികൾ?' എന്ന പേരിൽ പി.കെ പോക്കർ ലേഖനമെഴുതിയിരിക്കുന്നത്. 

ജാതി വ്യവസ്ഥയിലേതുപോലെ മറ്റുള്ളവരെ മോശമായി കാണുന്ന ഒരു സമീപനമാണ് രാജൻ ഗുരുക്കളുടേതെന്ന് പി.കെ പോക്കർ വിമർശിക്കുന്നു. താനടക്കമുള്ള ആളുകൾ കേരളത്തിലെ സർവകലാശാലയിൽ പഠിപ്പിച്ചവരാണ്. വിദേശ സർവകലാശാലകളിലെ വിദ്യാർത്ഥികളുമായും ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവിടുത്തെ വിദ്യാർത്ഥികളുടെ നിലവാരം കുറച്ച് കാണിക്കാനാവില്ല. രാജൻ ഗുരുക്കൾ നടത്തിയത് അവഹേളനമാണെന്നും അത് തിരുത്തണമെന്നും പി.കെ പോക്കർ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം