ത്രികോണപ്പോര് കണ്ട മണ്ഡലത്തില്‍ 26803 വോട്ടിന്‍റെ മികച്ച ഭൂരിപക്ഷത്തിലാണ് രാജന്‍ പല്ലന്‍ ജയിച്ചു കയറിയത്.
തൃശൂർ: നിയമസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാജന്‍ പല്ലന് തിളക്കമാര്‍ന്ന വിജയം. എല്‍ഡിഎഫിനായി ആലങ്കോട് ലീലാകൃഷ്ണനും എന്‍ഡിഎക്കായി പത്മജ വേണുഗോപാലും കടുത്ത പോരാട്ടം കാഴ്ചവെച്ചപ്പോള്‍ ത്രികോണപ്പോര് കണ്ട മണ്ഡലത്തില്‍ 26803 വോട്ടിന്‍റെ മികച്ച ഭൂരിപക്ഷത്തിലാണ് രാജന്‍ പല്ലന്‍ ജയിച്ചു കയറിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി ജയിച്ച മണ്ഡലത്തിലാണ് രാജന്‍ പല്ലന്‍റെ ജയം. രാജന്‍ പല്ലൻ 60290 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആലങ്കോട് ലീലാ കൃഷ്ണൻ 33487വോട്ടുകള്‍ നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പത്മജ വേണുഗോപാലിന് 28662 വോട്ടുകള്‍ നേടി.
തൃശൂർ കോർപ്പറേഷനിലെ 1 മുതൽ 11 വരെയും 14 മുതൽ 22 വരെയും 32 മുതൽ 39 വരെയും 43 മുതൽ 50 വരെയുമുള്ള വാർഡുകൾ ചേർന്നതാണ് തൃശൂർ നിയമസഭ മണ്ഡലം. കോണ്‍ഗ്രസിനും വളക്കൂറുള്ള മണ്ണായ തൃശൂര്‍ നിയമസഭാ മണ്ഡലത്തെ കഴിഞ്ഞ രണ്ട് തവണയും പ്രതിനിധീകരിച്ചത് സിപിഐ ആയിരുന്നു. 2016ല്‍ വി എസ് സുനില്‍ കുമാര്‍ നിയമസഭയിലെത്തിയപ്പോള്‍ 2021ല്‍ പി ബാലചന്ദ്രനാണ് തൃശൂരിനെ പ്രതിനിധാനം ചെയ്തത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പത്മജ വേണുഗോപാലിനെയായിരുന്നു രണ്ട് തവണയും സിപിഐ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ ഇത്തവണ പത്മജ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ കവി ആലങ്കോട് ലീലാകൃഷ്ണനെയായിരുന്നു സിപിഐ സ്ഥാനാര്‍ത്ഥിയാക്കിയത്.
1991 മുതല്‍ 2011 വരെ കോണ്‍ഗ്രസിന്‍റെ തേറമ്പില്‍ രാമകൃഷ്‍ണനായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ അഞ്ചിടങ്ങളിൽ എൽഡിഎഫ് അധികാരം നേടിയപ്പോൾ, രണ്ടിടങ്ങളിൽ മാത്രമാണ് യുഡിഎഫ് വിജയിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളിൽ 10 എണ്ണം എൽഡിഎഫിന്‍റെ നിയന്ത്രണത്തിലായപ്പോൾ, അഞ്ച് എണ്ണം യുഡിഎഫിനൊപ്പമാണ്. ഗ്രാമപഞ്ചായത്തുകളിൽ 44 ഇടങ്ങളിൽ എൽഡിഎഫ് ഭരണം നേടിയപ്പോൾ, 34 പഞ്ചായത്തുകളിൽ യുഡിഎഫിന് അധികാരം ലഭിച്ചു. 2020-ൽ ജില്ലയിലെ 69 പഞ്ചായത്തുകളിൽ എൽഡിഎഫാണ് അധികാരത്തിലെത്തിയത്.



