തെരഞ്ഞെടുപ്പ് കമ്മീഷൻ വിവാദത്തിൽ രാഹുൽ ഗാന്ധി ഫ്രോഡ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ജിജി തോംസൺ ഉന്നയിച്ച ആരോപണങ്ങൾ തള്ളിയ അദ്ദേഹം, ശബരിമല വിഷയത്തിൽ വി ഡി സതീശൻ ഈഗോ കാണിക്കുകയാണെന്നും കുറ്റപ്പെടുത്തി

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലും പ്രതിപക്ഷ പ്രതിഷേധങ്ങളിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധി 'ഫ്രോ‍ഡ് രാഷ്ട്രീയം' കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയായ എസ് ഐ ആർ. (SIR) എന്നത് ഭരണഘടനാപരമായ നടപടിക്രമമാണെന്നും അത് നടപ്പിലാക്കാൻ ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എസ് ഐ ആർ നടപ്പിലാക്കുമ്പോൾ കോൺഗ്രസ് ജയിച്ചാൽ കുഴപ്പമില്ലെന്നും ബി ജെ പി ജയിച്ചാൽ ആരോപണങ്ങൾ ഉന്നയിക്കുന്നതുമാണ് പ്രതിപക്ഷ ശൈലിയെന്ന് രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.

ജിജി തോംസണിന്‍റെ വിമർശനം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരള മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഉന്നയിച്ച ആരോപണങ്ങളും രാജീവ് ചന്ദ്രശേഖർ തള്ളിക്കളഞ്ഞു. അഴിമതി ആരോപണം നേരിട്ട സീറോയായ ഉദ്യോഗസ്ഥനെ ഹീറോയാക്കാൻ താല്പര്യമില്ലെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പ്രതികരിച്ചത്. മുൻപ് തന്നോടൊപ്പം പോഡ്കാസ്റ്റ് ചെയ്തപ്പോൾ ജിജി തോംസൺ ഇത്തരം വിഷയങ്ങളൊന്നും ഉന്നയിച്ചിരുന്നില്ല. ബി ജെ പിയിൽ നിന്ന് അവസരങ്ങളൊന്നും ലഭിക്കാതെ വന്നതോടെ മുഖ്യമന്ത്രി വി ഡി സതീശൻ നൽകിയ ഓഫറിന്റെ പുറത്താകാം ഇപ്പോഴത്തെ ഈ ആരോപണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയിലേക്ക് ബി ജെ പി സംഘം

ശബരിമലയിലെ നിലവിലെ അവസ്ഥയിൽ കടുത്ത സങ്കടമുണ്ടെന്നും വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഈഗോ കാണിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ദേവസ്വം ബോർഡ് അധ്യക്ഷനുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ സർക്കാർ തയ്യാറാകണം. ശബരിമല സന്ദർശനത്തിനായി അടുത്ത ആഴ്ച ബി ജെ പി സംഘം എത്തുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ജനങ്ങൾ കൃത്യമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

YouTube video player