വന്ദേമാതരം ഉത്തരവിലും എംഡിഎംഎ കേസിലും മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സതീശൻ ആർഎസ്എസിന് പൂർണ്ണമായും കീഴടങ്ങിയെന്നും, എംഡിഎംഎ കേസിൽ പ്രതിയെ സംരക്ഷിക്കാൻ കള്ളം പറയുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ ആർ എസ് എസിന് പൂർണ്ണമായും കീഴടങ്ങിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വന്ദേമാതരം മുഴുവൻ ആലപിക്കാൻ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് സർക്കാരിന്റെ നിർദ്ദേശപ്രകാരമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ദേശീയ ഗാനം അല്ലെങ്കിൽ വന്ദേമാതരം മുഴുവൻ പാടിയില്ലെങ്കിൽ മൂന്ന് വർഷം തടവ് ലഭിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നത് നിയമവിരുദ്ധമാണ്. ആലപിക്കുമ്പോൾ തടസ്സപ്പെടുത്തിയാൽ മാത്രമേ ശിക്ഷയുള്ളൂ എന്നതാണ് നിയമം. ദേശീയപ്രസ്ഥാന കാലത്ത് തന്നെ വന്ദേമാതരത്തിന്റെ ആദ്യ വരികൾ മാത്രം പാടിയാൽ മതിയെന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നതാണ്. ആ തത്വം ലംഘിക്കുന്ന സതീശൻ, ജയിലിൽ പോകേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. കേന്ദ്ര നിർദ്ദേശം ചീഫ് സെക്രട്ടറി നടപ്പാക്കിയതാണെന്ന് മുഖ്യമന്ത്രി പറയുമ്പോൾ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന സർക്കാരിന്റെ നയം നടപ്പാക്കേണ്ടതുണ്ടോ എന്ന് വ്യക്തമാക്കണം. ചീഫ് സെക്രട്ടറി സർക്കുലർ അയക്കാൻ ഇത് പോസ്റ്റ് ഓഫീസ് പണിയാണോ എന്നും, പി എം എ വൈ അർബൻ പദ്ധതിയിലെ കേന്ദ്ര മുദ്രകുത്തലിന് സംസ്ഥാനം അനുമതി നൽകിയത് ശരിയായില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
എം ഡി എം എ കേസിൽ ചോദ്യം
എം ഡി എം എ കേസിൽ പിടിയിലായ പ്രതിയായ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററെയും സംരക്ഷിക്കാൻ മുഖ്യമന്ത്രി കള്ളം പറയുകയാണെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. 2023 ഡിസംബർ 10 ന് നവകേരള സദസ്സ് പെരുമ്പാവൂരിൽ എത്തുന്നതിന് മുൻപ് തന്നെ പ്രതിയായ മുഹമ്മദ് ഹുസൈൻ സതീശനുമൊത്തുള്ള ചിത്രങ്ങൾ നിരന്തരം പങ്കുവെച്ചിരുന്നു. പ്രതിയെ മൂന്നോ നാലോ തവണ മാത്രം കണ്ടിട്ടുള്ളൂവെന്ന വാദം അസത്യമാണ്. കഴിഞ്ഞ അഞ്ച് വർഷമായി സതീശന്റെ സോഷ്യൽ മീഡിയ ടീമിലുള്ള വ്യക്തിയും 7 ജില്ലകളിലെ എം ഡി എം എ കച്ചവടക്കാരനുമായ ഇയാളെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാതിരിക്കാൻ വഴിയില്ലെന്നും, കാസർഗോഡ് വെച്ച് ഇയാൾ അബദ്ധത്തിൽ പിടിയിലായതാണെന്നും ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് സി പി എം സെക്രട്ടറി ചൂണ്ടിക്കാട്ടി. കേസിൽ അറസ്റ്റിലായ മുഹമ്മദ് ഹുസൈനെ നേരിട്ട് അറിയാമെന്നും നവകേരള സദസ്സിലെ ലാത്തിചാർജിൽ പരിക്കേറ്റയാൾ എന്ന നിലയിലാണ് വിളിച്ചതെന്നുമായിരുന്നു നേരത്തെ മുഖ്യമന്ത്രി പ്രതികരിച്ചത്.
സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങളെ മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവും അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമെന്നും സി പി എം സംസ്ഥാന സെക്രട്ടറി വിശേഷിപ്പിച്ചു. സോഷ്യൽ മീഡിയയെ നിയന്ത്രിക്കണമെന്ന് ഒരു ദേശീയ മാധ്യമത്തോട് ആവശ്യപ്പെട്ട സതീശനും മോദിക്കുമെതിരെയുള്ള വാർത്തകൾ മാത്രം എങ്ങനെ തടയപ്പെടുന്നുവെന്ന് അദ്ദേഹം ചോദിച്ചു. രത്തൻ ഖേൽക്കറുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷനാണ് പ്രമുഖ മാധ്യമത്തിലെ അഭിമുഖം മാറ്റിയത്. ഐ ടി സെക്രട്ടറിയായിരുന്ന ഖേൽക്കറിന് മെറ്റയുമായി ബന്ധമില്ലെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണ്. എന്നാൽ മറ്റ് നേതാക്കളുടെ വീഡിയോകൾ മാറ്റിയിട്ടില്ലെന്നുള്ള മുഖ്യമന്ത്രിയുടെ മറുപടി, വിമർശിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
ഇടത് മുന്നണി (എൽ ഡി എഫ്) യോഗവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് യാതൊരു ഉത്കണ്ഠയും വേണ്ടെന്നും എല്ലാ കാര്യങ്ങളും ചർച്ച ചെയ്താണ് മുന്നോട്ട് പോകുന്നതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. പ്രതിപക്ഷ ഉപനേതാവ് വിഷയത്തിലെ ചോദ്യത്തോടായിരുന്നു പ്രതികരണം. ദില്ലി സമരത്തിന് പോകാനായി സി പി ഐ ബുക്ക് ചെയ്തിരുന്ന ട്രെയിൻ റദ്ദാക്കിയത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. കണ്ണൂരിലെ ഹലാൽ ഫായിദ തട്ടിപ്പ് വിഷയം അവസാനിപ്പിച്ചതാണെന്നും ആർക്കെങ്കിലും പണം നൽകാനുണ്ടെങ്കിൽ അത് തിരികെ നൽകുമെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

