എയിംസ് വരാത്തതിന് കാരണം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പ് കേടെന്നാണ് ശശി തരൂർ തിരിച്ചടിക്കുന്നത്. കേന്ദ്രത്തിന് കേരളത്തോടുള്ള സമീപനമാണ് പ്രശ്നമെന്ന് പന്ന്യന്‍ രവീന്ദ്രനും ആരോപിക്കുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ വികസന ചര്‍ച്ചകളിലേക്ക് എയിംസും. കേരളത്തിനുള്ള എയിംസ് ആശുപത്രി നെയ്യാറ്റിൻകരയില്‍ കൊണ്ടുവരുമെന്ന് എൻഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എയിംസ് വരാത്തതിന് കാരണം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പ് കേടെന്നാണ് ശശി തരൂർ തിരിച്ചടിക്കുന്നത്. കേന്ദ്രത്തിന് കേരളത്തോടുള്ള സമീപനമാണ് പ്രശ്നമെന്ന് പന്ന്യന്‍ രവീന്ദ്രനും ആരോപിക്കുന്നു.

എയിംസിനായി കേരളം മുന്നോട്ടുവച്ച നാലിടങ്ങളില്‍ ഒന്ന് തിരുവനന്തപുരമായിരുന്നു. പക്ഷേ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുവരെയും പരിഗണിക്കണിച്ചില്ല. എയിംസ് വാങ്ങിയെടുക്കാനുള്ള ഇച്ഛാശക്തി ഇല്ലാത്തതാണ് പ്രശ്നമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുറ്റപ്പെടുത്തുന്നു. തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച മുഖാമുഖത്തിൽ ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികൾ മുന്നോട്ട് വച്ച പ്രധാന ആവശ്യങ്ങളിലൊന്നാണ് തിരുവനന്തപുരത്തിന് എയിംസ്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് നെയ്യാറ്റിൻകരയില്‍ എയിംസ് ആശുപത്രി കൊണ്ടുവരുമെന്ന രാജീവ് ചന്ദ്രശേഖന്‍റെ മറുപടി.

പത്ത് വര്‍ഷമായി കേന്ദ്രം കേരളത്തിന് വാഗ്ദാനം മാത്രമാണ് നല്‍കിയതെന്നും പാറശ്ശാലയില്‍ എയിംസിനുള്ള സ്ഥലം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കണ്ടെത്തിയിട്ടും പരിഗണിച്ചില്ലെന്നുമാണ് ശശി തരൂരിന്‍റെ വാദം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇറക്കിയ വികസന രേഖയിലടക്കം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനമില്ലായ്മയെയും പിടിപ്പുകേടിനെയുമാണ് വിമര്‍ശിച്ചത്. എയിംസിന് എന്തുകൊണ്ടും അനുയോജ്യമാണ് തിരുവനന്തപുരമെന്നും തടസം കേന്ദ്ര നിലപാട് മാത്രമാണെന്നുമാണ് ഇടത് സ്ഥാനാര്‍ത്ഥഇ പന്ന്യൻ രവീന്ദ്രനും പ്രചാരണയോഗങ്ങളിൽ പറയുന്നത്.