ഇക്കാര്യത്തിൽ താൻ ഒരു ക്രെഡിറ്റ് എടുക്കാനും ശ്രമിച്ചിട്ടില്ലെന്നും സഭ വിളിച്ചപ്പോഴാണ് വിഷയത്തിൽ ഇടപെട്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

റായ്പുര്‍: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. കന്യാസ്ത്രീകളുടെ മോചനം സാധ്യമാക്കിയ ജുഡീഷ്യറിക്കും പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും നന്ദിയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഒമ്പതു ദിവസം കഴിഞ്ഞാണ് അവര്‍ പുറത്തിറങ്ങുന്നത്. ഇന്ന് സന്തോഷത്തിന്‍റെ ദിവസമാണ്. മുമ്പ് പറഞ്ഞകാര്യം തന്നെയാണ് പറയാനുള്ളത്. 

സഭ ഞങ്ങളോട് വിളിച്ച് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ ഞങ്ങള്‍ അതിനായി ഇറങ്ങി. ജനറൽ സെക്രട്ടറി അനൂപ് ആന്‍റണി അടക്കമുള്ളവര്‍ ഇവിടെയെത്തി കാര്യങ്ങള്‍ ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇത് മൂന്നു ദിവസം മുമ്പ് തന്നെ ജാമ്യം ലഭിക്കേണ്ടതായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 

അന്ന് രാഷ്ട്രീയ നാടകം നടന്നില്ലായിരുന്നെങ്കിൽ ജാമ്യം കിട്ടുമായിരുന്നു. അത് നടന്നില്ല. എങ്കിലും ഇപ്പോള്‍ കിട്ടിയതിൽ സന്തോഷമുണ്ട്. രാഷ്ട്രീയ നാടകത്തെക്കുറിച്ച് കൂടുതൽ പറയുന്നില്ല. ജാമ്യം അനുവദിച്ച ജുഡീഷ്യറിയോട് നന്ദി പറയുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായോടും നന്ദി പറയുകയാണ്. 

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽ കണ്ട് നന്ദി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ താൻ ഒരു ക്രെഡിറ്റ് എടുക്കാനും ശ്രമിച്ചിട്ടില്ല. സഭ വിളിച്ചപ്പോഴാണ് വിഷയത്തിൽ ഇടപെട്ടത്. ഇല്ലാത്ത വിവാദം ഉണ്ടാക്കരുത്. ഇന്ന് ഒരു സന്തോഷത്തിന്‍റെ ദിവസമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കന്യാസ്ത്രീകള്‍ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും സ്ഥലത്തെത്തിയിരുന്നു.

YouTube video player