ഗുജറാത്തിലെ രാജ്‌കോട്ടിൽ അമ്മയുടെ ലിവിങ് പങ്കാളിയെ യുവാവ് തെരുവിൽ ഓടിച്ചിട്ട് കുത്തിക്കൊലപ്പെടുത്തി. രാജ്‌കോട്ട് സ്വദേശിയായ കമലേഷ് (35) ആണ് കൊല്ലപ്പെട്ടത്
രാജ്കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിൽ അമ്മയുടെ ലിവിങ് പങ്കാളിയെ യുവാവ് തെരുവിൽ ഓടിച്ചിട്ട് കുത്തിക്കൊലപ്പെടുത്തി. രാജ്‌കോട്ട് സ്വദേശിയായ കമലേഷ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കമലേഷിന്‍റെ പങ്കാളിയായ നീതയുടെ മകൻ ജയന്ത് (20) നെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇടവഴിയിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച കമലേഷിനെ ജയന്ത് പിന്തുടർന്ന് പിടികൂടുകയും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ക്രൂരമായി കുത്തുകയുമായിരുന്നു. അഞ്ചിലധികം തവണ കുത്തേറ്റ കമലേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
അമ്മ നീതയും കമലേഷും കഴിഞ്ഞ 12 വർഷമായി ഒന്നിച്ചാണ് താമസം. എന്നാൽ ജയന്തിന്‍റെ അച്ഛൻ ജീവിച്ചിരുന്ന സമയത്തുതന്നെ അമ്മ കമലേഷുമായി അടുപ്പത്തിലായതിൽ ജയന്തിന് കടുത്ത വൈരാഗ്യമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും കൊല്ലപ്പെട്ട കമലേഷിന്‍റെ സഹോദരൻ കപിൽ (25) നൽകിയ പരാതിയിൽ പറയുന്നു. നാട്ടുകാർ നോക്കിനിൽക്കെയാണ് കൊലപാതകം നടന്നത്. തന്നോട് ദയ കാണിക്കണമെന്നും താൻ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കമലേഷ് നിലവിളിക്കുന്നത് വീഡിയോയിൽ കേൾക്കാം. സംഭവസമയം ജയന്തിനൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി ദൃശ്യങ്ങളിൽ കാണുന്നുണ്ട്. ഇയാളെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.



