തുറന്നടിച്ച് രാജ് മോഹൻ ഉണ്ണിത്താൻ എം പി .തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന കാര്യം നേതൃത്വവും, നേതാക്കളും ഓർത്താൽ നന്നെന്നും രാജ്മോഹന്‍ ഉണ്ണിത്താൻ ഏഷ്യാനെറ്റ് ന്യൂസിനോട്

റായ്പൂര്‍: കോണ്‍ഗ്രസ് പ്ളീനറി സമ്മേളന വേദി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പോരിന് വേദിയായതില്‍ കടുത്ത പ്രതികരണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി രംഗത്ത്.നേതാക്കളുടെ പരസ്യപ്രതികരണങ്ങള്‍ പ്ലീനറി സമ്മേളനത്തിൻ്റെ ശോഭ കെടുത്തി.പരസ്പരം ചെളി വാരിയെറിയേണ്ടിയ വേദി ഇതായിരുന്നില്ല.ഈ ചക്കളത്തിൽ പോരിൽ പ്രതികരിക്കാനില്ല .തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന കാര്യം നേതൃത്വവും, നേതാക്കളും ഓർത്താൽ നന്നെന്നും ഉണ്ണിത്താൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേന്ദ്ര നേതൃത്വം ഇടപെടുന്നു 

കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾക്കിടയിലെ തർക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുന്നു.പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് എഐസിസി നേതൃത്വം നിര്‍ദ്ദേശം നല്‍കി.തർക്കങ്ങൾ ഒഴിവാക്കണമെന്ന് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.കെപിസിസിക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.പാർട്ടി ഘടനയിൽ വിപ്ലവം കൊണ്ടുവരുന്ന തീരുമാനമാണ് പ്ളീനറി സമ്മേളനത്തില്‍ ഉണ്ടായതെും അദ്ദേഹം പറഞ്ഞു.കൂടുതൽ പേർക്ക് പ്രവർത്തക സമിതിയിൽ അവസരം വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.സുധാകരനും വി.ഡി സതീശനുമെതിരെ സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകൾ പോരിനിറങ്ങിയ സാഹചര്യത്തിലാണ് കേന്ദ്രനേതൃത്വം ഇടപെടുന്നത്. കെപിസിസി അംഗങ്ങളെ തീരുമാനിച്ചതിലെ അതൃപ്തി പരസ്യമാക്കിയാണ് ഇരു ഗ്രൂപ്പുകളുടെയും നീക്കം. എന്നാൽ പാർട്ടിയേക്കാൾ വലിയ ഗ്രൂപ്പ്‌ അനുവദിക്കില്ലെന്ന് വിഡി സതീശൻ പ്രതികരിച്ചു. അതിനിടെ സംസ്ഥാന നേതൃത്വത്തിനെതിരെ കൊടിക്കുന്നിൽ സുരേഷ് കേന്ദ്രനേതൃത്വത്തിന് പരാതി നൽകി.പ്ലീനറി സമ്മേളനം കഴിഞ്ഞു മടങ്ങിയാൽ കേരളത്തിലെ കോൺഗ്രസ്‌ പാർട്ടിയിൽ തുടങ്ങാൻ പോകുന്നത് വമ്പൻ അടിയാകുമെന്നാണ് വിലയിരുത്തല്‍. എ ഐ ഗ്രൂപ്പുകളുടെ ഒന്നിച്ചുള്ള ആക്രമണത്തെ ചെറുക്കൽ സതീശൻ സുധാകരൻ ടീമിന് എളുപ്പമാകില്ലെന്നാണ് സൂചന.