ബിജെപിക്കാരായ ജനപ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തി സമ്പൂർണമായി കാവിവത്ക്കരിക്കപ്പെട്ട പരിപാടിയായി ബിരുദദാന ചടങ്ങിനെ മാറ്റിയെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ദില്ലിയില്‍ ആരോപിച്ചു.
ദില്ലി: കേന്ദ്ര മന്ത്രി വി മുരളീധരനെ (V Muraleedharan) തൃപ്തിപ്പെടുത്താനാണ് രാഷ്ട്രപതി പങ്കെടുക്കുന്ന കേന്ദ്ര സര്‍വകലാശാല ബിരുദദാന ചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിയതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി (MP Rajmohan Unnithan). ബിജെപിക്കാരായ ജനപ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തി സമ്പൂർണമായി കാവിവത്ക്കരിക്കപ്പെട്ട പരിപാടിയായി ബിരുദദാന ചടങ്ങിനെ മാറ്റിയെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ദില്ലിയില്‍ ആരോപിച്ചു. ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും പരിപാടിയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ഉണ്ണിത്താൻ രംഗത്ത് വന്നിരുന്നു. .
എംപിയെ ഉള്‍പ്പെടുത്താത്ത നടപടി ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്നും രാഷ്ട്രപതിയെക്കൂടി സര്‍വകലാശാല അധികൃതര്‍ അപമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ എത്രമാത്രം കാവിവല്‍ക്കരിച്ചിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സര്‍വകലാശാലയുടെ അസാധാരണമായ ഈ നടപടിയിലൂടെ കാണുന്നത്. ജനാധിപത്യ രാജ്യത്ത് ജനാധിപത്യവിരുദ്ധവും സ്വജനപക്ഷപാതപരമായ വിചിത്ര നടപടികളിലൂടെ വര്‍ഗീയ ഫാസിസ്റ്റുകള്‍ മുന്നോട്ടു പോകുമ്പോള്‍ ശക്തമായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉണ്ടാവുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള പൗരനാണെങ്കിലും കാര്യങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ല';തരൂരിനെതിരെ ഉണ്ണിത്താന്‍
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച സംഭവത്തിലും കെ റെയിൽ വിഷയത്തിലെ കെപിസിസി തീരുമാനത്തിനെതിരായ നിലപാടിലും ശശി തരൂരിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത് വന്നിരുന്നു . ആഗോള പൗരനാണെങ്കിലും കാര്യങ്ങൾ തിരിച്ചറിയാൻ ശശി തരൂരിന് കഴിയുന്നില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. അടുത്ത തവണ തരൂർ മത്സരിക്കാനിറങ്ങിയാൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടി കളയണം.
ശശി തരൂർ നിലപാട് തിരുത്തണം. കൊലക്കേസിൽ പ്രതിയാക്കാൻ സിപിഎം കിണഞ്ഞ് ശ്രമിച്ചപ്പോൾ ശശി തരൂരിന് ഒപ്പം നിന്നത് കോൺഗ്രസാണ് എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കെ റെയിൽ വിവാദത്തിലും ശശി തരൂരും കെപിസിസിയും തമ്മിൽ ഉരസലുകളുണ്ടായിട്ടുണ്ട്. കെപിസിസിയുടെ ഭീഷണി ശശി തരൂർ തള്ളിയിരുന്നു. ജനാധിപത്യത്തിൽ തത്വാധിഷ്ഠിത നിലപാടുകൾക്ക് സ്ഥാനമുണ്ടെന്നും മുഖ്യമന്ത്രിയുടെ അനൂകൂലിയായി തന്നെ ചിത്രീകരിക്കാൻ നീക്കമെന്നുമാണ് തരൂർ തിരിച്ചടിച്ചത്.
രാഷ്ട്രീയക്കാർ പാവ്ലോവിൻറെ നായ്ക്കൾ ആകരുതെന്നും തരൂർ ഒരു ഓൺലൈൻ മാധ്യമത്തിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി. കെ റെയിൽ വിഷയത്തിൽ യുഡിഎഫ് എംപിമാർ നല്കിയ നിവേദനത്തിൽ ഒപ്പിടാത്തതിനെ നേരത്തെ ശശി തരൂർ ന്യായീകരിച്ചിരുന്നു. എന്നാൽ തരൂരിനെ തള്ളി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരുനും രംഗത്തു വന്നു. തരൂരിനോട് വിശദീകരണം തേടാനും കെപിസിസി തീരുമാനിച്ചു. ഒരു ഓൺലൈൻ മാധ്യമത്തിൽ എഴുതിയ ലേഖനത്തിലൂടെ തരൂർ കെപിസിസിയുടെ മുന്നറിയിപ്പ് തള്ളിക്കളയുകയാണ് ചെയ്തത്.
