ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ചിത്രത്തിൽ വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം രംഗത്ത്. ജില്ലാ സെക്രട്ടറിയും സംശയത്തിന്റെ നിഴലിൽ എന്ന വാർത്ത പുകമറ സൃഷ്ടിക്കാൻ വേണ്ടിയാണെന്നും രാജു ഏബ്രഹാം.
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ചിത്രത്തിൽ വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. സന്നിധാനത്ത് നടന്ന യോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് നിന്ന് അന്നത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം ശബരിമലയിലേക്ക് പോകുമ്പോഴാണ് പോറ്റിയുടെ വീട്ടിൽ കയറിയത്. മുൻകൂട്ടി തീരുമാനിച്ച പരിപാടിയായിരുന്നില്ല അതെന്നും രാജു എബ്രഹാം വിശദീകരിച്ചു. ചിത്രം പുറത്തുവന്ന ആദ്യദിവസം കൂടിക്കാഴ്ചയെ കുറിച്ച് ഓർമ്മ ഇല്ല എന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. ജില്ലാ സെക്രട്ടറിയും സംശയത്തിന്റെ നിഴലിൽ എന്ന വാർത്ത പുകമറ സൃഷ്ടിക്കാൻ വേണ്ടിയാണെന്നും രാജു ഏബ്രഹാം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സ്വർണ്ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധം ആരോപിച്ച് സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള മാധ്യമ ശ്രമം വിലപ്പോവില്ലെന്ന് രാജു ഏബ്രഹാം കൂട്ടിച്ചേര്‍ത്തു. പുകമറ സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സന്നിധാനത്ത് നടന്ന യോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തു നിന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം ശബരിമലയിലേക്ക് പോകുമ്പോഴാണ് പോറ്റിയുടെ വീട്ടിൽ കയറിയത്. മുൻകൂട്ടി തീരുമാനിച്ച പരിപാടിയായിരുന്നില്ല. ആരോപണ വിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീടായിരുന്നു അതെന്ന് വാർത്ത കണ്ടപ്പോഴാണ് അറിഞ്ഞത്. അതുകൊണ്ടാണ് തലേ ദിവസം മാധ്യമങ്ങൾ വിളിച്ചപ്പോൾ അവിടെ പോയിട്ടില്ലെന്ന് മറുപടി പറഞ്ഞത്. ദീർഘയാത്ര പോകുമ്പോൾ പലയിടത്തും കയറാം. അത്രയ്ക്ക് പ്രാധാന്യമുള്ളതേ ഓർത്തിരിക്കൂ. കടകംപള്ളി മാധ്യമങ്ങളോട് സംസാരിക്കുന്നത് കേട്ടപ്പോഴാണ് ഏഴെട്ട് വർഷം മുമ്പു നടന്ന ഈ സംഭവം ഓർത്തത് തന്നെ. അവിടെ നേരത്തെ കരുതി വച്ചിരുന്ന പ്രസന്റേഷൻ പ്രായമായ അച്ഛന് സമ്മാനിക്കാൻ പറഞ്ഞു. ഉടൻ തന്നെ അവിടെ നിന്ന് മടങ്ങുകയും ചെയ്തു. അതല്ലാതെ പോറ്റിയുമായി യാതൊരു ബന്ധവുമില്ല. ഉണ്ടായിരുന്നെങ്കിൽ പോറ്റി ഇതിനോടകം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുമായിരുന്നുവെന്നും രാജു ഏബ്രഹാം വിശദീകരിച്ചു.
25 കൊല്ലം ശബരിമലയുടെ കൂടി എംഎൽഎയായിരുന്നു. സന്നിധാനത്ത് എത്തുമ്പോൾ സാധാരണഗതിയിൽ തന്ത്രി, മേൽശാന്തി, വാവരുനട, മാളികപ്പുറം, ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ എന്നിവരെയൊക്കെ കണ്ടിട്ടാണ് മടങ്ങാറുള്ളത്. അവിടെ കണ്ടുമുട്ടിയ പലരോടൊപ്പം ചിത്രമെടുത്തിട്ടുണ്ട്. സംശയത്തിന്റെ നിഴലിൽ എന്ന വാർത്ത നൽകി പുകമറ സൃഷ്ടിക്കുന്നതു കൊണ്ട് യഥാർഥ കുറ്റവാളികൾക്കാണ് നേട്ടം. എസ്ഐടി അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പോറ്റിയുമായി കൂട്ടുകച്ചവടം നടത്തിയതിൽ ശബരിമല മുതൽ ഡൽഹി വരെയുള്ളവർക്കോ ബന്ധുക്കളായ അന്താരാഷ്ട്ര പുരാവസ്തു കച്ചവടക്കാർക്കോ, അവരെ കുട്ടിമുട്ടിച്ച കേരളത്തിലെ എംപിമാർക്കോ, ദേവസ്വം ഭരണാധികാരികളായ ആർക്കെങ്കിലുമോ സ്വർണ്ണക്കൊള്ളക്കാരുമായി ബന്ധമുണ്ടെങ്കിൽ അവരെയും തുറുങ്കിലടയ്ക്കണമെന്നും മോഷ്ടിച്ചു കടത്തിയ സ്വർണ്ണത്തിന്റെ അവസാന തരിയും കണ്ടെത്തണമെന്നും രാജു ഏബ്രഹാം ആവശ്യപ്പെട്ടു.
