തിരുവനന്തപുരം: എം പി വീരേന്ദ്രകുമാറിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇതുവരെ 81 എംഎൽഎമാർ വോട്ട് ചെയ്തു. എൽഡിഎഫിന്റെ 50 അം​ഗങ്ങളും യുഡിഎഫിന്റെ 30 അം​ഗങ്ങളുമാണ് വോട്ട് രേഖപ്പെടുത്തിയത്. പി സി ജോർജ് എംഎൽഎയും വോട്ട് രേഖപ്പെടുത്തി. 

നിയമസഭ മന്ദിരത്തിലെ പാര്‍ലമെന്‍ററി സ്റ്റഡീസ് മുറിയില്‍ രാവിലെ പത്തു മണിയ്ക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. ഇടതുമുന്നണിക്ക് വേണ്ടി എല്‍ജെഡി നേതാവ് എം വി ശ്രേയാംസ് കുമാറും യുഡിഎഫ് സ്ഥാനാർത്ഥിയായി കോണ്‍ഗ്രസിലെ ലാല്‍ വര്‍ഗീസ് കല്‍പകവാടിയുമാണ് മത്സരിക്കുന്നത്. ഇടതുമുന്നണിക്ക് വിജയം ഉറപ്പാണെങ്കിലും കേരള കോണ്‍ഗ്രസ് എമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് ഇന്നത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ജോസ് പക്ഷവും , യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് ജോസഫ് വിഭാഗവും വിപ്പ് നൽകിയിട്ടുണ്ട്.

റോഷി അ​ഗസ്റ്റിനും എൻ ജയരാജും സഭയിലെത്തിയിട്ടില്ല. ധനബിൽ ചർച്ചയിൽ നിന്നും വിട്ട് നിൽക്കുന്ന ജോസ് വിഭാഗം എംഎൽഎമാർ അവിശ്വാസ പ്രമേയ ചർച്ചയിലും പങ്കെടുക്കില്ല. തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്പീക്കറുടെ തീരുമാനം നിര്‍ണായകമാകും. യുഡിഎഫ് തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ ജോസ് വിഭാഗത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കണ്‍വീനര്‍ ബെന്നി ബെഹന്നാനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏക എംഎൽഎ ആയ ഒ രാജഗോപാൽ ആ‌ർക്കും വോട്ട് ചെയ്യില്ല. വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയ പി സി ജോർജ് നിലപാട് മാറ്റി. രാജ്യസഭ തെരഞ്ഞെടുപ്പിൽ ആരും വോട്ട് ചോദിച്ചില്ലെന്നും അതിനാൽ ആർക്കും ചെയ്യില്ലെന്നുമാണ് പി സി ജോർജ് നേരത്തെ പറഞ്ഞത്. മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദനും സി എഫ് തോമസും വോട്ട് ചെയ്യില്ല. ഇരുവർക്കും തപാൽ വോട്ട് അനുവദിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചില്ല. നേരിട്ട് സഭയിൽ പോയി വോട്ട് ചെയ്യേണ്ടെന്നാണ് ഡോക്ടർ വിഎസിന് നൽകിയ നിർദ്ദേശം. സി എഫ് തോമസ് കൊച്ചിയിൽ ചികിത്സയിലാണ്. കൊവിഡ് പോസിറ്റീവായവർക്ക് മാത്രമേ തപാൽ വോട്ട് അനുവദിക്കൂ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.