തിരുവനന്തപുരം: എം വി ശ്രേയാംസ് കുമാർ രാജ്യസഭയിലേക്ക്. ഇടതുമുന്നണിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായി ശ്രേയാംസ് കുമാറിനെ എൽജെഡി നിർവാഹകസമിതി യോഗം തെരഞ്ഞെടുത്തു. പതിമൂന്നിന് ശ്രേയംസ് കുമാർ പത്രിക നൽകും. ലയനം അടഞ്ഞ അധ്യായമല്ലെന്നും ചർച്ചകൾ തുടരുന്നുവെന്നും ശ്രേയസ് കുമാർ പറഞ്ഞു.

അതേസമയം, പിണറായിയെ പിന്തുണച്ച് ശ്രേയംസ് കുമാർ രംഗത്തെത്തി. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഇതിനെ അപലപിക്കുന്നു. സ്വര്‍ണക്കടത്ത് കേന്ദ്ര ഏജൻസിയാണ് അന്വേഷിക്കുന്നത്. ചില ഉദ്യോഗസ്ഥരുടെ പാപഭാരം മുഖ്യമന്ത്രി ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണ നിയമത്തിൽ വെള്ളം  ചേർക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്നും ശ്രേയംസ് കുമാര്‍ വിമര്‍ശിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ജനശ്രദ്ധ മാറി നിൽക്കുമ്പോഴാണ് പരിസ്ഥിതി നിയമത്തെ മാറ്റാൻ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം..

രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ ലാൽ വർഗ്ഗീസ് കല്പകവാടിയെ സ്ഥാനാർത്ഥിയായി നിർത്താനാണ് യുഡിഎഫ് തീരുമാനം. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടാണ് ലാൽ. നിയമസഭയിലെ നിലവിലെ അംഗബലത്തിൽ ജയസാധ്യത കുറവാണെങ്കിലും മത്സരിച്ചില്ലെങ്കിൽ തെറ്റായ രാഷ്ട്രീയ സന്ദേശം നൽകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് സ്ഥാനാർത്ഥിയെ നിർത്താനുള്ള  യുഡിഎഫ് തീരുമാനം. 24നാണ് തെരഞ്ഞെടുപ്പ്.