രാജ്യസഭയിലേക്ക് സിപിഐ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള തീരുമാനം എൽഡിഎഫിന്റേതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം

കോഴിക്കോട്: രാജ്യസഭാ സീറ്റിനെ ചൊല്ലി എൽഡിഎഫിലും അതൃപ്തി പുറത്തുവരുന്നു. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് സിപിഐക്കെതിരെ ഇന്ന് എൽജെഡി സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയാംസ് കുമാർ രംഗത്ത് വന്നു. രാജ്യസഭാ സീറ്റ് സിപിഐ വിലപേശി വാങ്ങിയതാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോഴിക്കോട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി സ്ഥാനവും രാജ്യസഭ സീറ്റും കിട്ടാത്തതിൽ അതാത് സമയത്ത് മുന്നണിയിൽ അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് ശ്രേയാംസ്കുമാർ പറഞ്ഞു. വിലപേശലിന്‍റെ ഭാഗമായാണ് സിപിഐക്ക് രാജ്യസഭാ സീറ്റ് കിട്ടിയത്. സിൽവർ ലൈൻ, ലോകായുക്ത, മദ്യനയം തുടങ്ങിയ വിഷയങ്ങളിൽ സിപിഐയുടെ നിലപാട് എന്തെന്ന് നിരീക്ഷിക്കും. ഇപ്പോൾ മുന്നണിയുടെ ഭാഗമാണ്. മുന്നണിയെ ശക്തിപ്പെടുത്താനും പാർട്ടിയെ ശക്തിപ്പെടുത്താനും വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭയിലേക്ക് സിപിഐ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള തീരുമാനം എൽഡിഎഫിന്റേതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തിരിച്ചടിച്ചു. എംവി ശ്രേയാംസ് കുമാറിന് മറുപടി നൽകാനില്ലെന്ന് പറഞ്ഞ അദ്ദേഹം രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടഞ്ഞ അധ്യായമാണെന്നും പറഞ്ഞു. ഇനി ഇക്കാര്യത്തിൽ പ്രതികരിക്കാനില്ല. സിൽവർ ലൈൻ നിയമത്തിന്റെ വഴിക്ക് പോകും. പ്രതിപക്ഷം ബിജെപിയുമായി അടുക്കാൻ വേണ്ടി സിൽവർ ലൈനിനെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.