നോർക്കയും ഐഒസിയുമായി സഹകരിച്ച് വഴിയോര വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കാനുള്ള റീസ്റ്റോപ് പദ്ധതിയിൽ ക്രമക്കേടുണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഐ ഒ സി നേരിട്ട് പദ്ധതി നടത്തിക്കാൻ തയ്യാറായിട്ടും അനുവദിക്കാത്തത് എന്തു കൊണ്ടാണെന്ന് ചെന്നിത്തല ചോദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വഴിയോര വിശ്രമ കേന്ദ്ര പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വഴിയോര വിശ്രമ കേന്ദ്രത്തിനായി ഭൂമി അനുവദിച്ചതിൽ ക്രമക്കേടുണ്ട്. കോടികൾ വിലയുള്ള സർക്കാർ ഭൂമിയാണ് ഇതിനായി സ്വകാര്യ വ്യക്തികളിലേക്ക് പോകുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

നോർക്കയും ഐഒസിയുമായി സഹകരിച്ച് വഴിയോര വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കാനുള്ള റീസ്റ്റോപ് പദ്ധതിയിൽ ക്രമക്കേടുണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഐ ഒ സി നേരിട്ട് പദ്ധതി നടത്തിക്കാൻ തയ്യാറായിട്ടും അനുവദിക്കാത്തത് എന്തു കൊണ്ടാണെന്ന് ചെന്നിത്തല ചോദിച്ചു. പദ്ധതിക്ക് ‍മന്ത്രിസഭാ അംഗീകാരമുണ്ടോ. റവന്യു വകുപ്പും പൊതുമരാമത്ത് വകുപ്പും പരസ്പരം ഒന്നും അറിയുന്നില്ല. റീസ്റ്റോപ് ഡയറക്ടർമാർ ആരൊക്കെയെന്ന് വ്യക്തമാക്കണം. 

സ്വകാര്യ കമ്പനിയുമായി സർക്കാർ ധാരണാപത്രം തയ്യാറാക്കി. ഇതിൽ ദുരൂഹതയുണ്ട്. സർക്കാർ ഭൂമി പതിച്ചു നൽകാൻ വ്യാപക നീക്കം നടക്കുന്നുണ്ട്. ലൈഫ് മിഷൻ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം സർക്കാരിന് തന്നെ വിനയായി. ഐ എം എ യെ മുഖ്യമന്ത്രി അധിക്ഷേപിച്ചത് തെറ്റായിപ്പോയി. കൊവിഡ് പ്രതിരോധത്തിൽ ഇപ്പോൾ കേരളം രാജ്യത്തിന് തന്നെ നാണക്കേടാണ്. ആരോഗ്യ രംഗത്തെ പിഴവുകൾ സർക്കാർ പരിഹരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.