Asianet News MalayalamAsianet News Malayalam

ജലീലിനെതിരെ വീണ്ടും ചെന്നിത്തല, തവനൂരിലെ ഓഫീസിലേക്ക് കോണ്‍ഗ്രസ് മാർച്ച്; പരിശോധിക്കുമെന്ന് ഗവർണർ

മാര്‍ക്കുദാന വിവാദത്തില്‍ ഗവര്‍ണര്‍ക്ക് വീണ്ടും കത്ത് നല്‍കാനാണ് ചെന്നിത്തലയുടെ തീരുമാനം. കൂടാതെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ramesh chennithala again attacking k t jaleel on m g university controversy
Author
Trivandrum, First Published Oct 19, 2019, 12:23 PM IST

തിരുവനന്തപുരം: എംജി സര്‍വ്വകലാശാലയിലെ മാര്‍ക്കുദാന വിവാദത്തില്‍ താന്‍ ഉന്നയിച്ച വസ്തുതാപരമായ കാര്യങ്ങളില്‍ മന്ത്രിക്ക്  മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി പറഞ്ഞ മുഴുവന്‍ കാര്യങ്ങളും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ. രാജന്‍ ഗുരുക്കള്‍ നിരാകരിച്ചെന്നും അതുകൊണ്ട് തന്നെ ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും  പ്രതിപക്ഷ നേതാവ് പറഞ്ഞു. സർവ്വകലാശാല അദാലത്ത് നടത്തിയത്  ചട്ടവിരുദ്ധമാണെന്നും പരീക്ഷാഫലം പ്രസിദ്ധീകരിച്ച ശേഷം സിൻഡിക്കേറ്റിന് മാർക്ക് കൂട്ടി നൽകാൻ അവകാശമില്ലെന്നും ഇന്നലെ രാജൻ ഗുരുക്കൾ പറഞ്ഞിരുന്നു.

ദയാഹര്‍ജി പരിഗണിച്ചല്ല പരീക്ഷയ്ക്ക് മാര്‍ക്ക് നല്‍കേണ്ടതെന്ന രാജന്‍ ഗുരുക്കളിന്‍റെ പരാമര്‍ശത്തോട് യോജിക്കുന്നു.രാജന്‍ ഗുരുക്കള്‍ പറഞ്ഞത് മുഖ്യമന്ത്രിയും മന്ത്രിയും ശ്രദ്ധാപൂര്‍വ്വം കേള്‍ക്കണമെന്നും ചെന്നിത്തല പരിഹസിച്ചു. മാര്‍ക്കുദാന വിവാദത്തില്‍ ഗവര്‍ണര്‍ക്ക് വീണ്ടും കത്ത് നല്‍കാനാണ് ചെന്നിത്തലയുടെ തീരുമാനം. കൂടാതെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ ടി ജലീലിനെതിരായ പരാതിയില്‍ വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. എല്ലാം വിശദമായി പരിശോധിച്ച ശേഷം നിലപാട് വ്യക്തമാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം സ്വന്തമാക്കുമെന്ന ആത്മവിശ്വാസത്തിലാണ് ചെന്നിത്തല. മൂന്നരവര്‍ഷത്തെ കെടുകാര്യസ്ഥ്യതയും അഴിമതിയും നിറഞ്ഞ എല്‍ഡിഎഫ് ഭരണത്തെ വിലയിരിത്തിയായിരിക്കും ജനങ്ങള്‍ വോട്ട് ചെയ്യുക. എല്‍ഡിഎഫിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അ‍ഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും ജനങ്ങള്‍  അണിനിരക്കും. സിപിഎം വര്‍ഗ്ഗീയ പ്രചാരണം നടത്തുകയാണ്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായതോടെയാണ് ഇടതുപക്ഷം വര്‍ഗീയ കാര്‍ഡ് ഇറക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

മാര്‍ക്കുദാന വിവാദത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തവനൂരിലെ ജലീലിന്‍റെ ഓഫീസിലേക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ മാർച്ച് നടക്കുകയാണ്. മന്ത്രിയുടെ ഓഫീസിന്‍റെ വാതിലിന് പരിസരത്തുവച്ച് പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞു. ചമ്രവട്ടം നരിപ്പറമ്പിലെ മന്ത്രി കെ ടി ജലീലിന്‍റെ നിയോജക മണ്ഡലം ഓഫീസിലേക്കും കോൺഗ്രസ് മാർച്ച് നടത്തി. ഓഫീസിന് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഡിസിസി പ്രസിഡണ്ട് വി വി പ്രകാശ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.

Read More: മാർക്ക് ദാനത്തിൽ സർക്കാർ പ്രതിരോധത്തിൽ; എതിർപ്പുമായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍...

 

Follow Us:
Download App:
  • android
  • ios