ശബരിമല വിഷയത്തില്‍ നിലപാട് തെറ്റിയെന്ന് പറയാനുള്ള ആർജ്ജവം പിണറായി കാണിക്കണം. പരസ്യമായി നിലപാടിനെ കുറിച്ച് മാപ്പ് ചോദിച്ചാൽ സിപിഎമ്മിനെ അംഗീകരിക്കാമെന്ന് ചെന്നിത്തല.
പാലക്കാട്: ശബരിമല വിഷയത്തില്‍ യുഡിഎഫ് വിശ്വാസികൾക്ക് ഒപ്പമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസം തകർക്കാൻ ആര് ശ്രമിച്ചാലും അനുവദിക്കില്ലെന്ന് പറഞ്ഞ ചെന്നിത്തല, വിഷയത്തില്‍ സിപിഎം ആരോടൊപ്പമാണെന്നും ചോദിച്ചു. നിലപാട് തെറ്റിയെന്ന് പറയാനുള്ള ആർജ്ജവം പിണറായി കാണിക്കണം. ശബരിമല എന്ന് കേൾക്കുമ്പോൾ സിപിഎം ഭയക്കുകയാണ്. പരസ്യമായി നിലപാടിനെ കുറിച്ച് മാപ്പ് ചോദിച്ചാൽ സിപിഎമ്മിനെ അംഗീകരിക്കാം. സത്യവാങ്മൂലം മാറ്റാൻ തയ്യാറുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.
കേരളത്തിൽ ഇടത് മുന്നണി ഇഷ്ടക്കാരെ ജോലിയിൽ തിരുകി കയറ്റുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. ചട്ടങ്ങൾ മറികടന്ന് നൽകുന്ന ജോലികൾ ചെറുപ്പക്കാരോടുള്ള വഞ്ചനയാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ അനധികൃത നിയമനങ്ങൾ പുന പരിശോധിക്കുമെന്ന് ചെന്നിത്തല അറിയിച്ചു. നിനിതയുടെ നിയമന വിവാദത്തിൽ ഗൂഢാലോചന നടത്തിയത് ആരെന്ന് എം ബി രാജേഷ് വ്യക്തമാക്കണം. ജോലി സാധ്യത കണ്ടുകൊണ്ടാണ് ഡിവൈഎഫ്ഐ ഇതിനെതിരെ പ്രതികരിക്കാത്തതെന്നും ചെന്നിത്തല വിമർശിച്ചു. അഴിമതിയുടെ ചെളിക്കുണ്ടിൽ വീണ സർക്കാരാണ് പിണറായി സർക്കാരെന്ന് വിമർശിച്ച ചെന്നിത്തല, അഴിമതിക്ക് എതിരായ പോരാട്ടം യുഡിഎഫ് തുടരുമെന്നും പറഞ്ഞു.
