തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അസാധാരണ നടപടികൾക്കാണ് കേരളം സാക്ഷിയാകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിലേക്ക് വരെ ദേശീയ അന്വേഷണ ഏജൻസി എത്തിയിട്ടും ഒന്നും നടന്നിട്ടില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രി പെരുമാറുന്നത്. ഞാനൊന്നും അറിഞ്ഞില്ലെന്ന് പറഞ്ഞിരിക്കുന്ന പിണറായി വിജയൻ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും സെക്രട്ടേറിയറ്റിലേക്കും എല്ലാം അന്വേഷണം എത്തിയതിനെ കുറിച്ച് എന്താണ് ഇടത് മുന്നണി ഘടകക്ഷികൾക്ക് പറയാനുള്ളത് എന്ന് അറിയാൻ പ്രതിപക്ഷത്തിന് താൽപര്യം ഉണ്ട്. 

സെക്രട്ടേറിയറ്റിലുള്ള പരിശോധനയാണ് അടുത്ത ഘട്ടം . മൂന്നരക്കോടി ജനങ്ങളും അപമാനിക്കപ്പെട്ടു. മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടേ രാജിവക്കൂ എന്ന നിലപാട് പാടില്ല. മാന്യമായി രാജി വച്ച് ഒഴിയാൻ പിണറായി വിജയൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കേസിന്‍റെ തുടക്കം മുതലേ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കണ്ടത്താൻ പൊലീസ് ഒന്നും ചെയ്തില്ല. ബെംഗലൂരുവിലേക്ക് കടക്കാൻ പ്രതികൾക്ക് സഹായം നൽകി. ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്ത സംഭവത്തിലും ഒരു നടപടിയും ഉണ്ടായില്ല. ആഭ്യന്തരവകുപ്പ് പ്രതികളെ സഹായിച്ചത് ഗുരുതരമായ കുറ്റമാണ്. 

കേരളത്തിൽ കൺസൾട്ടൻസികളെ മുട്ടിയിട്ട് നടക്കാൻ വയ്യാത്ത അവസ്ഥയാണ്. കൺസൾട്ടൻസി നിയമനങ്ങളിൽ സിബിഐ അന്വേഷണം വേണം. സർക്കാർ സ്ഥാപനങ്ങളെ ഒഴിവാക്കിയാണ് വിദേശ കണ്സൾട്ടൻസി സ്ഥാപനങ്ങളെ വൻ തുക നൽകി കൊണ്ടുവരുന്നത്, ക്രമക്കേടുകളെ കുറിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ പ്രതിപക്ഷത്തിന് വിശ്വാസം ഇല്ലെന്നും മുഖ്യമന്ത്രിയെ വെള്ളപൂശാനാണ് ചീഫ് സെക്രട്ടറി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

മുഖ്യമന്ത്രിയുടെ രാജി, സിബി അന്വേഷണം എന്നിവ ആവശ്യപ്പെട്ട് ഓഗസ്റ്റ് ഒന്നിന് സ്പീക്ക് അപ്പ് കേരള എന്ന പേരിൽ ജനപ്രതിനിധികളുടെ സത്യാഗ്രഹം സംഘടിപ്പിക്കും. ഓഗസ്റ്റ് 10ന് 21905 പഞ്ചായത്ത്  വാർഡുകൾ കേന്ദ്രീകരിച്ചു സത്യാഗ്രഹം നടത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.