തിരുവനന്തപുരം: പൊലീസില്‍ നടക്കുന്ന അഴിമതിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേന്ദ്രഫണ്ടുൾപ്പടെയുള്ള പണം ഡിജിപി ഉപയോഗിച്ചത് വൻ അഴിമതിയാണ്. ഇതിൽ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിക്കും പങ്കുണ്ട്. ഇതിന് തെളിവും പുറത്തുവന്നു. മുഖ്യമന്ത്രി കൂടി അറിഞ്ഞുകൊണ്ടാണ് ഈ അഴിമതികളെന്നും ചെന്നിത്തല പറഞ്ഞു.

ചെന്നിത്തലയുടെ വാക്കുകള്‍...

കോടികളുടെ അഴിമതി മാത്രമല്ല, സുരക്ഷയെത്തന്നെ ബാധിക്കുന്ന പ്രശ്നമായി ഇത് ഉയർന്നു വന്നിരിക്കുന്നു. തോക്കും, തിരകളും കാണാതായത് വലിയ ആശങ്കയാണ് കേരളത്തിലുണ്ടാക്കിയിട്ടുള്ളത്. ഇതിൽ നടന്ന അഴിമതിയുടെ തോത് നോക്കിയാൽ ഇത് ഡിജിപിക്ക് മാത്രം ചെയ്യാൻ കഴിയുന്നതല്ല, ഇത് മുഖ്യമന്ത്രി കൂടി അറിഞ്ഞുകൊണ്ടാണ്.

ആരെയും പേടിക്കാനില്ല, എന്തും ചെയ്യാമെന്ന നിലയിലാണ് ഡിജിപി പ്രവർത്തിച്ചത്. വെടിയുണ്ടകൾ കാണാതായ സംഭവത്തിലെ ഗൗരവം കുറയ്ക്കാനാണ് യുഡിഎഫ് കാലത്താണ് അഴിമതി നടന്നത് എന്ന് എൽഡിഎഫ് വ്യാജപ്രചാരണം നടത്തുന്നത്.

2015 സെപ്റ്റംബറിലാണ് തൃശ്ശൂർ എ ആർ ക്യാമ്പിൽ സീൽ ചെയ്ത ഒരു പാക്കറ്റിൽ 200 ബുള്ളറ്റ് കാണാതെ പോയത് എന്നത് വസ്തുതയാണ്. അന്ന് യുഡിഎഫ് സർക്കാർ തന്നെ ഒരു അന്വേഷണത്തിന് ബോർഡിനെ നിയോഗിച്ചിരുന്നു. എൽഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ഇത് പുതിയ ബോർഡിനെ ഏൽപിച്ചു. അവർ കണ്ടെത്തിയതിങ്ങനെയാണ്: വെടിയുണ്ടകൾ നഷ്ടമായ സ്റ്റോക്ക് 1999 ജൂലൈ 12-ന് പാക്ക് ചെയ്തതാണെന്നും, 2000 മുതൽ 2014- വരെ എപ്പോഴെങ്കിലും കാണാതായതാകാം എന്നുമാണ്.

എന്നാൽ 2017-ൽ സ്റ്റോക്കെടുത്തപ്പോൾ 7433 ബുള്ളറ്റുകൾ കാണാനില്ലെന്ന് കണ്ടെത്തി. 2018 ഒക്ടോബർ 16-ന് അടുത്ത സ്റ്റോക്കെടുത്തപ്പോൾ കാണാതായ ബുള്ളറ്റുകളുടെ എണ്ണം 8398 ആയി കൂടി. ഇത് ഇടത് മുന്നണിയുടെ കാലത്താണെന്നത് വ്യക്തമാണ്.

25 റൈഫിളുകൾ കാണാനില്ലെന്നത് ഗുരുതരമായ കണ്ടെത്തലാണ്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെന്നാണ് സർക്കാർ സിഎജിക്ക് മറുപടി നൽകിയത്. അത് സംബന്ധിച്ച് തയ്യാറാക്കിയ രേഖകളിലെ പിഴവാണെന്നാണ് സർക്കാരിന്‍റെ ന്യായം. എന്നാലിത് ക്ലറിക്കൽ പിഴവാണോ?

സിഎജി ചീഫ് സ്റ്റോക്കിലെ രേഖകൾ നേരിട്ട് പരിശോധിച്ചു. അപ്പോൾ സർക്കാർ റിപ്പോർട്ട് കള്ളമാണ് എന്ന് തെളിഞ്ഞു. അതുകൊണ്ടാണ് റൈഫിളുകൾ കാണാതായി എന്ന നിലപാടിൽ സിഎജി ഉറച്ചു നിൽക്കുന്നത്. സർക്കാരിന്‍റെ റിപ്പോർട്ട് തള്ളി എന്നർത്ഥം.

ലോക്നാഥ് ബെഹ്റ ഡിജിപിയായ ശേഷം 151.4 കോടി രൂപയുടെ പർച്ചേസ് നടത്തിയെന്നാണ് പിണറായി സഭയിൽ മറുപടി നൽകിയത്. പർച്ചേസിന്‍റെ അടിസ്ഥാന ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തിയാണ് ഡിജിപി കാറുകൾ വാങ്ങിയത്. സർക്കാർ അതിന് അംഗീകാരം എന്തടിസ്ഥാനത്തിലാണ് നൽകിയത്?

പൊലീസ് ക്വാർട്ടേഴ്സുകള്‍ പണിയുന്നത് സംബന്ധിച്ച  വിവരങ്ങളടങ്ങിയ ഫയല്‍ 2015ല്‍ എന്‍റെ കയ്യില്‍ വന്നതാണ്.  അന്ന് പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷന് നൽകാനാണ് ഉത്തരവിട്ടത്. അത് പിന്നീട് സർക്കാർ ഇടപെട്ട് വകമാറ്റിയാണ് എസ്ഐമാർക്കും എഎസ്ഐമാർക്കും ക്വാർട്ടേഴ്സ് പണിയുന്നതിന് പകരം ഡിജിപിക്കും എഡിജിപിമാർക്കും വില്ല പണിയാൻ അനുമതി കൊടുത്തത്. അതും പണിതത് സ്വകാര്യ കമ്പനികളാണ്.

ഞാന്‍ പൊലീസ് മന്ത്രിയായിരുന്ന കാലത്ത് പൊലീസുകാര്‍ക്ക് വാഹനങ്ങള്‍ വാങ്ങാന്‍ കേന്ദ്രഫണ്ട് വിനിയോഗിക്കരുതെന്നായിരുന്നു ചട്ടം. അതുകൊണ്ടാണ് സംസ്ഥാനഫണ്ടചില്‍ നിന്ന് 42 കോടി രൂപ അന്ന് വകമാറ്റിയത്. വിവിഐപി വാഹനങ്ങള്‍ ടെന്‍ഡര്‍ വിളിക്കാതെ വാങ്ങിയതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. പൊലീസ് മോഡറൈസേഷന് വാങ്ങിയ വാഹനം എങ്ങനെയാണ് ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത്. പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് വാങ്ങിയ വാഹനം ചീഫ് സെക്രട്ടറിക്ക് നല്‍കിയത് അസാധാരണ നടപടിയാണ്. 

ഇത്രയും വലിയ അഴിമതി നടന്നിട്ടും ഒരു വാര്‍ത്താക്കുറിപ്പിറക്കി ഡിജിപി തന്‍റെ ഭാഗം ന്യായീകരിക്കാത്തത് എന്തുകൊണ്ടാണ്. പേരൂര്‍ക്കട ആംഡ് പൊലീസ് ബറ്റാലിയനിലെ ആയുധശേഖരത്തില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ കേസിലെ മൂന്നാം പ്രതി സഹകരണവകുപ്പ് മന്ത്രിയുടെ ഗണ്‍മാനായി ഇപ്പോഴും തുടരുകയാണ്. 

സിംസ് പദ്ധതിയുടെ കരാര്‍ ഗാലക്സോണ്‍ കമ്പനിക്ക് നല്‍കിയതിന്‍റെ മാനദണ്ഡം എന്താണ്. 2017 ജൂലൈയില്‍ മാത്രം ആരംഭിച്ച ഈ കമ്പനിയെ ഇത്രയും വലിയ പദ്ധതി എന്തടിസ്ഥാനത്തിലാണ് ഏല്‍പ്പിച്ചത്. ആരുടെ ബിനാമി കമ്പനിയാണ് ഗാലക്സോണ്‍ എന്നത് മലയാളിക്ക് അറിയാന്‍ അവകാശമുണ്ട്. ഡിജിപി സ്പോൺസേഡ് ഓർഗനൈസ്ഡ് ലൂട്ട് ആണ് ഇവിടെ നടന്നിരിക്കുന്നത്. പൊലീസ് ക്രമക്കേടുകൾ സിബിഐക്ക് റഫർ ചെയ്യണം. എന്റെ കാലത്ത് ക്രമക്കേടുകൾ നടന്നെങ്കിൽ അതും അന്വേഷിക്കണം.