തെരഞ്ഞെടുപ്പ് സമയത്ത് ഭരണ-പ്രതിപക്ഷ വലിയ തര്‍ക്കത്തിന് കാരണമായ വിഷയമാണ് കിറ്റ് വിതരണം. തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്ന ഘട്ടത്തിലെ കിറ്റ് വിതരണത്തെ പ്രതിപക്ഷം എതിര്‍ത്തിരുന്നു. അന്നം മുടക്കികള്‍ എന്ന് വിളിച്ചാണ് ഭരണപക്ഷം പ്രതിപക്ഷത്തിനെ നേരിട്ടത്. 

തിരുവനന്തപുരം: വിഷുക്കിറ്റിനെ ചൊല്ലി വീണ്ടും സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് സമയത്ത് ഭരണ-പ്രതിപക്ഷ വലിയ തര്‍ക്കത്തിന് കാരണമായ വിഷയമാണ് കിറ്റ് വിതരണം. തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്ന ഘട്ടത്തിലെ കിറ്റ് വിതരണത്തെ പ്രതിപക്ഷം എതിര്‍ത്തിരുന്നു. അന്നം മുടക്കികള്‍ എന്ന് വിളിച്ചാണ് ഭരണപക്ഷം പ്രതിപക്ഷത്തിനെ നേരിട്ടത്.

ഇപ്പോള്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിർത്തി വച്ച് സിപിഎമ്മും സര്‍ക്കാരും ഒരിക്കല്‍ കൂടി തങ്ങളുടെ ജനവഞ്ചന തെളിയിച്ചിരിക്കുകയാണെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. വോട്ടെടുപ്പിന് മുന്‍പ് വിഷുക്കിറ്റ് വിതരണം സര്‍ക്കാരിന് ഉത്സാഹമായിരുന്നുവെന്നും എന്നാല്‍ കാര്യം കഴിഞ്ഞപ്പോള്‍ ജനങ്ങളെ വേണ്ടാതായെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

സംസ്ഥാനത്ത് 85 ലക്ഷം കാര്‍ഡുടമകള്‍ക്ക് വിഷുക്കിറ്റ് നല്‍കണമെങ്കിലും കഷ്ടിച്ച് 26 ലക്ഷം പേര്‍ക്ക് മാത്രമേ നല്‍കിയിട്ടുള്ളൂ. കിറ്റിന്റെ വിതരണം ഇപ്പോള്‍ പൂര്‍ണ്ണമായും നിര്‍ത്തി വച്ചിരിക്കുകയാണ്. ജനങ്ങളെ പറ്റിച്ച് വോട്ട് പിടിക്കുക മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷം പറഞ്ഞത് ഒരിക്കല്‍ കൂടി ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഏപ്രില്‍ 14 ആയിരുന്നു വിഷു എങ്കിലും ഏപ്രിലിന് മുന്‍പ് തന്നെ കിറ്റ് വിതരണം ചെയ്യാന്‍ തിടുക്കം കാട്ടിയവരാണിവര്‍. വോട്ടെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ഇനി ജനങ്ങളെ അവര്‍ക്ക് ആവശ്യമില്ല. വോട്ട് തട്ടുന്നതിനുള്ള കള്ളക്കളിയാണ് സര്‍ക്കാരിന്റെതെന്ന സത്യം തുറന്നു പറഞ്ഞതിന് പ്രതിപക്ഷ നേതാവ് അന്നം മുടക്കുകയാണെന്ന് പറഞ്ഞ് അപഹസിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്നും ചെന്നിത്തല ചോദിച്ചു.