തിരുവനന്തപുരം: പുതിയ ക്വാറികള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മഹാപ്രളയത്തിനു ശേഷം 119 ക്വാറികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ഫയല്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു.

കേരളം കണ്ട ഏറ്റവും വലിയ കൊള്ളയ്ക്കാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. 1964ലെ ഭൂ പതിവ് ചട്ടത്തിൽ സര്‍ക്കാര്‍ ഭേദഗതികള്‍ വരുത്തിയത് പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കാനാണ്. മന്ത്രിസഭ യോഗത്തിൽ ഔട്ട് ഓഫ് അജണ്ടയായി ഇത് കൊണ്ട് വന്നത് വ്യവസായ മന്ത്രിയാണ്. റവന്യൂ മന്ത്രിയെ ഇരുട്ടിൽ നിർത്തിയാണ് 2019 മാര്‍ച്ച്  അഞ്ചിന്  മന്ത്രിസഭ യോഗത്തിൽ വ്യവസായ മന്ത്രി ഇക്കാര്യം കൊണ്ടുവന്നത്. ഇതില്‍ റവന്യു മന്ത്രിയും സിപിഐയും നിലപാട് വ്യക്തമാക്കണം. 

അതേ ദിവസം തീരുമാനിച്ച കർഷകരുടെ മൊറട്ടോറിയത്തിന്റെ കാര്യത്തിൽ തുടർ തീരുമാനമുണ്ടായില്ല. എന്നാൽ 24 മണിക്കൂറിനുള്ളിൽ ക്വാറിക്കു വേണ്ടിയുള്ള ഉത്തരവിറങ്ങി. ഇത് സംശയാസ്പദമാണെന്നും രമേശ് ചെന്നിത്തല പറ‌ഞ്ഞു.