തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിയുടെ പ്രഭവ കേന്ദ്രം ക്ലിഫ് ഹൗസാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് വിവാദത്തിലടക്കം മുഖ്യമന്ത്രി പിന്നെയും പിന്നെയും കള്ളം പറയുകയാണ്.  മുഖ്യമന്ത്രിയും സ്വപ്നയും തമ്മിൽ കണ്ടെന്ന വാര്‍ത്തകൾ പുറത്ത് വന്നു കഴിഞ്ഞു. ക്ലിഫ് ഹൗസിൽ ഇടിവെട്ടി എല്ലാം നഷ്ടമായെന്ന് മുഖ്യമന്ത്രി പറഞ്ഞിന്‍റെ അര്‍ത്ഥം ഇപ്പോഴാണ് പിടികിട്ടിയതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ക്യാമറ ഇടിവെട്ടി പോയതല്ല നശിപ്പിച്ചതാണെന്നും ചെന്നിത്തല ആരോപിച്ചു. 

ഇരുട്ട്  കൊണ്ട് ഓട്ടയടക്കാൻ സിപിഎമ്മിന് കഴിയില്ല. അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാനാകാത്തത് കൊണ്ടാണ് സിപിഎം പ്രതിനിധികൾ ചാനൽ ചര്‍ച്ചകളിൽ നിന്ന് അകന്ന് നിൽക്കുന്നത്. ചര്‍ച്ചക്ക് പോയില്ലെങ്കിൽ നാട്ടുകാര്‍ ഒന്നും അറിയില്ലെന്ന് കരുതരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹ സമരം തുടങ്ങി. വെള്ളപ്പൊക്ക ദുരിതാശ്വത്തിലും കമ്മീഷൻ അടിച്ചൂവെന്നാണ് പുതിയ വാർത്ത. എന്തിനും ഏതിനും കമ്മീഷൻ ആണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത്. മന്ത്രി കെടി ജലീൽ അടക്കം ആരും രക്ഷപ്പെടില്ലെന്നും പ്രതിപക്ഷ നേതാവ് ഓര്മ്മിപ്പിച്ചു