തിരുവനന്തപുരം: സ്പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രി അറിഞ്ഞ് തന്നെ എന്ന മൊഴി പുറത്ത് വന്നതോടെ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നതിലേക്കാണ് കാര്യങ്ങളെത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത്  നിന്ന് ഒഴിഞ്ഞു പോകുന്നതാണ് മാന്യത. കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രിയാണ് സംസ്ഥാനത്ത് ഉള്ളതെന്നും  ഇനിയെങ്കിലും രാജിവച്ച് ഒഴിഞ്ഞു കൂടെ എന്നും ചെന്നിത്തല ചോദിച്ചു. 

സ്പേസ് പാര്‍ക്കിലെ തന്‍റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടയെന്നും ആറ് തവണ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ശിവശങ്കറുമായി  കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നുമാണ് സ്വപ്നയുടെ മൊഴി. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെൻ്റ് കേസിൽ കോടതിയിൽ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സ്വപ്നയുടെ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വപ്നയുടെ നിയമനത്തില് മുഖ്യമന്തിക്കോ മുഖ്യമന്ത്രിയുടെ ഓഫീസിനോ പങ്കില്ലെന്ന സര്‍ക്കാര്‍ വാദം പൊളിക്കുന്നതാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് സ്വപ്ന നല്കിയിരിക്കുന്ന മൊഴി.സ്വപ്നയുടെ ബാങ്ക് ലോക്കര് സംബന്ധിച്ച് ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാല്‍ അയ്യരും  തമ്മിലുള്ള ദുരൂഹമായ വാട്സ് അപ്പ് സന്ദേശങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇതേക്കുറിച്ച്  ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യുമെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

സ്വപ്നയുടെ മൊഴി പുറത്ത് വന്നതോടെ മുഖ്യമന്ത്രി പിണറായി  വിജയന് നെഞ്ചിടിപ്പ് കൂടുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യം അടക്കം ശക്തമായ സമരപരിപാടികൾക്ക് യുഡിഎഫ് രൂപം നൽകും. പ്രക്ഷോഭം 15 ന് ചേരുന്ന യുഡിഎഫ് തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു