തൃശ്ശൂർ: ചാവക്കാട് കോൺ​ഗ്രസ് പ്രവർത്തകൻ നൗഷാദിന്‍റെ കൊലപാതകം എസ്ഡിപിഐ നടത്തിയ ആസൂത്രിത കൊലയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിന്‍റേത് വലിയ വീഴ്ചയെന്നും അഭിമന്യൂ കേസിലേത് പോലെ ഈ കേസും മാറുമെന്നും ചെന്നിത്തല ആരോപിച്ചു. നൗഷാദിന്‍റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

അതേസമയം, നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. കൊലയ്ക്ക് പിന്നില്‍ 22 അംഗ സംഘമുണ്ടെന്നാണ് സൂചന. പ്രതികള്‍ ചാവക്കാട് ഭാഗത്തുളളവര്‍ തന്നെയെന്നും പൊലീസ് വ്യക്തമാക്കി. 

കഴിഞ്ഞദിവസം വൈകിട്ട് പുന്ന സെന്‍ററില്‍ വച്ചാണ് നൗഷാദ് ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ചികിത്സയ്ക്കിടെ ആശുപത്രിയിൽ വച്ച് നൗഷാദ് മരണപ്പെടുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.