Asianet News Malayalam

ടോം ജോസും ഡിജിപിയും എന്തിന് ഹെലികോപ്ടർ യാത്ര നടത്തി;‌കൊവിഡിന്റെ മറവിൽ എന്തു തോന്നിവാസവും ആകാമോ? ചെന്നിത്തല

പ്രളയത്തിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ ഉത്തരവിറക്കാനായിരുന്നു യാത്ര. മാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ മണൽ വിൽപ്പന നടത്താനാണ് ശ്രമം. ഒരു പൊതു മേഖല സ്ഥാപനത്തിൻ്റെ പേരിൽ വിൽപ്പന നടത്താനുള്ള ദുരൂഹ നീക്കമാണ് നടക്കുന്നതെന്നും ചെന്നിത്തല .

ramesh chennithala against tom jose and dgp for their travel in helicopter
Author
Thiruvananthapuram, First Published Jun 2, 2020, 2:50 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: സർവ്വീസിൽ നിന്ന് വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ചീഫ് സെക്രട്ടറി ടോം ജോസ് ഡിജിപി ലോക്നാഥ് ബെഹ്റക്കൊപ്പം ഹെലികോപ്ടർ യാത്ര നടത്തിയതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രളയത്തിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ ഉത്തരവിറക്കാനായിരുന്നു യാത്ര. മാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ മണൽ വിൽപ്പന നടത്താനാണ് ശ്രമം. ഒരു പൊതു മേഖല സ്ഥാപനത്തിൻ്റെ പേരിൽ വിൽപ്പന നടത്താനുള്ള ദുരൂഹ നീക്കമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ഒരു ലക്ഷത്തിലധികം മെട്രിക് ടൺ മണലാണ് പ്രളയത്തിൽ അടിഞ്ഞുകൂടിയത്. രണ്ടു വർഷമായി മണ്ണ് കെട്ടിക്കിടക്കുകയാണ്. മഴക്കാലമെത്തിയതോടെ വനം വകുപ്പ് അറിയാതെ ദുരന്തനിവാരണ നിയമമനുസരിച്ചാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. ഇക്കാര്യത്തെക്കുറിച്ച് വനംമന്ത്രിക്ക് ഒന്നും അറിയില്ലെന്ന് പറയുന്നു. പെട്ടെന്നുള്ള ഉത്തരവിൽ ദുരൂഹതയുണ്ട്. വന സ്വത്തായ മണ്ണ് നീക്കം ചെയ്യാമെന്നല്ലാതെ വിൽക്കാൻ കഴിയില്ല. ഇതിന് കേന്ദ്ര സർക്കാരിൻ്റെ അനുമതി വാങ്ങിയിട്ടില്ല.

 കേരള ക്ലെയ്സ് ആൻ്റ് സിറാമിക് പ്രോഡക്ട് എന്ന സ്ഥാപനത്തിനാണ് മണ്ണ് നീക്കാൻ കരാർ നൽകിയത്.  സൗജന്യമായാണ് സ്ഥാപനത്തിന് മണലും ചെളിയും നൽകുന്നത്. കണ്ണൂരിലെ സി പി എം നേതാവ് ഗോവിന്ദൻ ചെയർമാനായ സ്ഥാപനത്തിനാണ് മണ്ണ് വിൽക്കുന്നത്. പൊതുമേഖലയെ മുൻ നിർത്തി സ്വകാര്യ കമ്പനികളെ സഹായിക്കുകയാണ് ചെയ്യുന്നത്. കൊവിഡിന്റെ മറവിൽ കേരളത്തിൽ എന്തു തോന്നിവാസവും നടത്താമെന്ന സ്ഥിതിയിലാണ് സർക്കാർ. 

ആലപ്പുഴ തോട്ടപ്പള്ളിയിൽ കരി മണൽ കച്ചവടം നടത്തുന്നു. ഒന്നും സ്വന്തമായി ചെയ്യാൻ കഴിയാത്ത ഒരു സ്ഥാപനം എങ്ങനെയാണ് രണ്ട് വർഷത്തെ മണൽ നീക്കം ചെയ്യുന്നത്. കണ്ണൂരിൽ നദികളിൽ നിന്നും മണ്ണുമാറ്റാൻ അനുമതി ലഭിച്ചപ്പോൾ കമ്പനി സ്വകാര്യ സ്ഥാപനത്തിനാണ് അത് മറിച്ചുനൽകിയത്. 

ഓൺലൈൻ വിദ്യാഭ്യാസ പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സർക്കാർ മുന്നൊരുക്കം നടത്തിയില്ല. അതുണ്ടാകാത്തതിൻ്റെ പേരിൽ ഒരു കുട്ടി ആത്മഹത്യ ചെയ്തു. സർക്കാർ അവധാനത കാണിക്കണമായിരുന്നു. മലപ്പുറത്തുണ്ടായ സംഭവം വേദനയുണ്ടാക്കുന്നതാണ്.  എംഎൽഎമാരോട് ഫോണും കമ്പ്യൂട്ടറും വാങ്ങാൻ സർക്കാർ അനുമതി നൽകിയാൽ മതിയായിരുന്നു. അടിയന്തര നടപടിയിൽ ദുരൂഹതയും നിക്ഷിപ്ത താൽപര്യവുമുണ്ട് എന്നും ചെന്നിത്തല ആരോപിച്ചു. 

ഓൺ ലൈൻ പഠനത്തെ സ്വാഗതം ചെയ്യുന്നു. മുൻകൂട്ടി കാര്യങ്ങൾ ചെയ്യാത്തതിൻ്റെ രക്തസാക്ഷിയാണ് കുട്ടി. വിക്ടേഴ്സ് ചാനൽ ഉദ്ഘാടനം ചെയ്തത് എ പി ജെ അബ്ദുൾ കലാം ആണ്. അന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു. മുഖ്യമന്ത്രി ആറു മണിയ്ക്ക് നടത്തുന്നത് തളള് തന്നെയാണ്. സ്പ്രിംങ്ക്ളർ കച്ചവടവും ആപ്പിലെ കച്ചവടവും പുറത്തു കൊണ്ട് വന്നത് അദ്ദേഹത്തിനെ അസ്വസ്ഥനാക്കുന്നു. ഒരു പ്രതിപക്ഷം ഉണ്ടന്ന അർത്ഥത്തിലാണ് അദ്ദേഹം ഒരു പ്രതിപക്ഷം ഉണ്ടല്ലോ എന്ന് പറഞ്ഞത്. സാമ്പത്തിക പാക്കേജും പ്രവാസികളുടെ സൗജന്യ താമസ വുമെല്ലാം ബഡായിയല്ലേ. ഇന്നലെയാണ് ശരിക്കും ബഡായി ബംഗ്ലാവുണ്ടായത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

Follow Us:
Download App:
  • android
  • ios