തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സിൽവര്‍ ലൈൻ റെയിൽ പദ്ധതി കൺസൽട്ടൻസി പണം തട്ടാനുള്ള തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  പാരിസ്ഥിതിക പഠനമോ കേന്ദ്ര സര്‍ക്കാരിന്റെയോ നീതി ആയോഗിന്റെയോ അനുമതിയോ ഇല്ലാതെയാണ് ഭൂമി ഏറ്റെടുക്കൽ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകാനൊരുങ്ങുന്നത്. അനുമതി ഇല്ലാത്ത പദ്ധതിക്ക് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നതിൽ റവനു വകുപ്പും എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.

തിരുവനന്തപുരം കാസര്‍കോട് സിൽവര്‍ ലൈൻ റെയിൽ പാതക്ക് ആകെ ചെലവ് 64941 കോടി രൂപയാണ്.  മുഖ്യമന്ത്രി ചെയർമാനായ കേരള റെയിൽ ഡവലപ്മെൻറ് കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. ഉപേക്ഷിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ട പദ്ധതിയുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പദ്ധതിക്ക് 13000 കോടി കേന്ദ്രമാണ് നൽകേണ്ടത്. കേന്ദ്രം വേണ്ടെന്ന് പറഞ്ഞ പദ്ധതിയുമായി പകുതിയിൽ കൂടുതൽ തുക മുടക്കേണ്ടത് കേന്ദ്രമാണെന്നിരിക്കെ സംസ്ഥാന സര്‍ക്കാരിന് എങ്ങനെ മുന്നോട്ട് പോകാനാകുമെന്നും ചെന്നിത്തല ചോദിച്ചു. കേന്ദ്രം ഉപേക്ഷിച്ച പദ്ധതിക്ക് എങ്ങനെയാണ് വിദേശ സഹായം ലഭിക്കുക, റെയിൽവെ മന്ത്രാലയത്തിന്റെയോ വകുപ്പിന്റേയോ അനമുതിയില്ലാതെ ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകരുതെന്ന റവന്യു വകുപ്പ് നിര്‍ദ്ദേശവും മറികടന്നാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 

അന്താരാഷ്ട്ര കമ്പനിയായ സ്സ്ട്രയെ ആണ് പദ്ധതിയുടെ കൺസൾട്ടൻസി ചുമതല. ടാൻസാനിയയിനും ഘാനയിലും ലോക ബാങ്ക് വിലക്കിയ കമ്പനിയെയാണ് കൺസൾട്ടൻസി കരാര്‍ ഏൽപ്പിച്ചിട്ടുള്ളത്. 27 കോടി രൂപയാണ് കൺസൾട്ടൻസി ചെലവെന്നും ചെന്നിത്തല വിശദീകരിച്ചു. . പാരിസ്ഥിതിക അനുമതിയോ ധനസമാഹരണം എങ്ങനെയെന്നോ അറിയാത്ത പദ്ധതിയുടെ സൂത്രധാരൻ എം ശിവശങ്കര്‍ ആണ്.  ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചു.

കേന്ദ്ര സർക്കാരിന്റെ അംഗീകാരമില്ലാതെ  സിൽവർ ലൈൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത് സ്പ്രിംക്ലർ മാതൃകയിൽ തട്ടിപ്പ് ലക്ഷ്യമിട്ടെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത് അഴിമതിക്ക് കളമൊരുക്കാനാണ്. പദ്ധതി നടപ്പാക്കാൻ ഒരുങ്ങുമ്പോൾ 20000 കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെടും. 145 ഹെക്ടർ കൃഷി ഭൂമി  ഇല്ലാതാകും. 50000 കച്ചവട സ്ഥാപനങ്ങൾ ഇല്ലാതാകും. അടിയന്തരമായി പദ്ധതിയിൽ നിന്ന് പിൻമാറാൻ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. വിദേശത്ത് വിലക്കുള്ള  സിസ്ട്ര എന്ന കമ്പനിയെ കൺസൾട്ടന്റ് ആക്കിയത് കമ്മീഷൻ തട്ടാനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

വയനാട് തുരങ്ക പാതയും സിൽവർ ലൈൻ പദ്ധതിയും  തട്ടിപ്പ് നടത്താനുള്ള പദ്ധതികളായേ കാണാൻ കഴിയു എന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി, പാരിസ്ഥിതിക പഠനം പോലും നടത്താതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് തുരങ്ക പാതക്ക് കല്ലിട്ടത്.