തിരുവനന്തപുരം: സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  ഇ- മൊബിലിറ്റി പദ്ധതി എന്ന പേരിൽ 3000 ഇലക്ട്രിക് ബസ് വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് കണ്‍സൾട്ടൻസി കരാര്‍ നൽകിയത് ചട്ടം ലംഘിച്ചാണെന്നും പ്രതിപക്ഷ നേതാവ് പറയുന്നു. 

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് കൺസൾട്ടൻസി കരാര്‍ നല്‍കിയതിൽ ദുരൂഹതയുണ്ട്. സെബി രണ്ടു വര്‍ഷത്തേയ്ക്ക് നിരോധിച്ച കമ്പനിയാണ് ഇത്. സത്യം കുംഭകോണത്തിൽ അടക്കം കമ്പനിക്കെതിരെ ഗുരുതരമായ 9 കേസുകള്‍ നിലിൽക്കുമ്പോഴാണ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇരുപതാം ലോ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എപി ഷാ കമ്പനിക്ക് എതിരെ മുഖ്യമന്ത്രി ക്ക് കത്തയച്ചു. എന്നിട്ടും കരാറുമായി മുന്നിട്ട് പോകാനുള്ള തീരുമാനത്തിന് പിന്നിലെന്താണെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. റീ ബിൽഡ് കേരള  കൺസൾട്ടൻസി കരാർ കെപിഎംജിക്ക് നൽകിയതിലും അഴിമതി ഉണ്ടെന്ന വാദത്തിൽ ഉറച്ചു നില്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

മുഖ്യമന്ത്രിയോട് ചെന്നിത്തലയുടെ ചോദ്യങ്ങൾ: 

  •  പിണറായിക്ക് എന്തിനാണ് പ്രൈസ് വാട്ടര്‍ ഹൗസ്കൂപ്പറിനോട് ഇത്ര താല്പര്യം?,
  • പദ്ധതിയുടെ വിശദാംശങ്ങളെ കുറിച്ച് ഗതാഗത മന്ത്രി ഇത് അറിഞ്ഞോ? 
  • സെബി നിരോധനം ഉള്ള കമ്പനിക്ക് മൂന്നു പദ്ധതിയിൽ എന്തിനു കരാർ നൽകി? 
  • നിയമ കമ്മീഷൻ അംഗം എപി ഷാ നൽകിയ കത്തിൽ എന്ത് നടപടിയെടുത്തു? 

സ്പ്രിംക്ലറിന് സമാനമായ ഡീലാണ് ഇവിടെയും നടന്നത്. മന്ത്രിസഭ അറിയാതെ ടെണ്ടര്‍ വിളിക്കാതെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഒരു യോഗത്തിൽ എങ്ങനെയാണ് ഇത്തരം ഒരു തീരുമാനം എടുക്കുകയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.