തിരുവനന്തപുരം; തോരാത്തമഴ സംസ്ഥാനത്ത് ദുരന്തമായി മാറുകയാണ്. പ്രളയസമാനമാണ് സംസ്ഥാനത്തെ വിവിധ മേഖലകളിലെ സാഹചര്യം. അതിനിടയിലാണ് പ്രളയ കാരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. കഴിഞ്ഞ തവണയും ഈ ആവശ്യം ചെന്നിത്തല ഉന്നയിച്ചിരുന്നു. ലോക്കൽ പർച്ചേസിലൂടെ അവശ്യ സാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ എത്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ ഓഫിസിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.

പ്രളയ കാരണം ഗൗരവമായി ചർച്ച ചെയ്യണമെന്ന് കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. എന്‍ ഡി ആര്‍ എഫ് യൂണിറ്റ് കേരളത്തിൽ കൊണ്ടുവരാനുള്ള തീരുമാനം ബി ജെ പി സര്‍ക്കാർ അട്ടിമറിച്ചെന്നും മുല്ലപ്പള്ളി ആരോപിച്ചു.

അതേസമയം സംസ്ഥാനത്ത് മഴക്കെടുതി നേരിടാന്‍ ഏഴ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.