തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ ക്രമീകരിച്ച കണ്‍ട്രോള്‍ റൂമിലേക്ക് ലഭിച്ചത് 24000ത്തോളം പരാതികള്‍.  40 ദിവസത്തിനിടെയാണ് ഇത്രയും പരാതികള്‍ ലഭിച്ചത്. മിക്ക പരാതികള്‍ക്കും പരിഹാരം കണ്ടെത്തിയെന്ന് പ്രതിപക്ഷം അവകാശപ്പെട്ടു. പരാതികള്‍ സംബന്ധിച്ച് 25ഓളം കത്തുകള്‍ മുഖ്യമന്ത്രിക്കും ഏഴ് കത്തുകള്‍ പ്രധാനമന്ത്രിക്കും 11 കത്തുകള്‍ വിദേശകാര്യമന്ത്രിക്കും നല്‍കി. ചെന്നിത്തല നല്‍കിയ കത്തുകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പരിഹാരം കണ്ടെന്നും അവകാശപ്പെടുന്നു. 

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20000 കോടിയുടെ പാക്കേജ്, സമൂഹ അടുക്കള, സാമൂഹ്യപെന്‍ഷന്‍ എന്നിവ സംബന്ധിച്ച് നല്‍കിയ കത്തുകളില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും ഇപ്പോഴും നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും പറയുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ചെന്നിത്തലയുടെ ഓഫീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചത്. ആളുകള്‍ക്ക് നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാമെന്നും നടപടിയുണ്ടാകുമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ഉറപ്പ്.

സംസ്ഥാന സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സ്പ്രിംക്‌ളര്‍ ഐടി കമ്പനിക്ക് രോഗികളുടെ വിവരം കൈമാറുന്നത് ഡാറ്റ വില്‍പനയാണെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പിന്നീട് സാലറി ചാലഞ്ചിനെതിരെയും പ്രതിപക്ഷ അധ്യാപക സംഘടന ഹൈക്കോടതിയെ സമീപിച്ചു.