Asianet News MalayalamAsianet News Malayalam

'ഉദ്യോ​ഗസ്ഥരെ ചാരി രക്ഷപ്പെടുന്നു, ലാവ്‌ലിനിലും പിണറായി ചെയ്തത് ഇത് തന്നെ'; ചെന്നിത്തല

ഒരു ഉദ്യോഗസ്ഥന്റെ തലയിൽ എല്ലാം കെട്ടിവച്ച് രക്ഷപെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ലാവ്‌ലിനിലും പിണറായി ചെയ്തത് ഇത് തന്നെയാണ്. ഇഡിയുടെ റിപ്പോർട്ടിൽ സ്വർണ്ണക്കടത്തിലെ ശിവശങ്കറിന്റെ സഹായം വ്യക്തമാണ്. ശിവശങ്കറിന്റെ സഹായം എന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായമാണ്.

ramesh chennithala criticize cm pinarayi on sivashankar arrest
Author
Thiruvananthapuram, First Published Oct 30, 2020, 11:22 AM IST

തിരുവനന്തപുരം: സർക്കാരിന്റെയും സിപിഎമ്മിന്റെയും സമ്പൂർണ തകർച്ചയാണ് ജനം കാണുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജി പ്രഖ്യാപിക്കും എന്നാണ് ജനം കരുതിയത്. ഇന്നലെ മുഖ്യമന്ത്രി അവതരിപ്പിച്ചത് പ്രത്യേക തരം ക്യാപ്സൂൾ ആണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

എം ശിവശങ്കർ കള്ളപ്പണ കേസിൽ അഞ്ചാം പ്രതിയാണ്. ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി. ഭരണവും പാർട്ടിയും ട്രിപ്പ് ഇട്ട് കിടക്കുന്ന അവസ്ഥയാണ്. പിണറായി വിജയന്റെ ഭരണത്തിൽ പാർട്ടി ഇന്ന് ശരശയ്യയിലാണ്. പാർട്ടിക്കോ, ഭരണത്തിനോ കൂടുതൽ ദുർഗന്ധം എന്ന് മാത്രമാണ് സംശയം.

ഒരു ഉദ്യോഗസ്ഥന്റെ തലയിൽ എല്ലാം കെട്ടിവച്ച് രക്ഷപെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ലാവ്‌ലിനിലും പിണറായി ചെയ്തത് ഇത് തന്നെയാണ്. ഇഡിയുടെ റിപ്പോർട്ടിൽ സ്വർണ്ണക്കടത്തിലെ ശിവശങ്കറിന്റെ സഹായം വ്യക്തമാണ്. ശിവശങ്കറിന്റെ സഹായം എന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായമാണ്. ഇതിൽ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തം ഇല്ലേ? മുഖ്യമന്ത്രി തുടർച്ചയായി കള്ളം പറയുന്നു. മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാണ്. സ്പ്രിംഗ്ളർ, ബെവ്കോ, പമ്പ മണൽകടത്ത്, ഇ മൊബിലിറ്റി, ലൈഫ് മിഷൻ അഴിമതികൾ എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ ശിവശങ്കർ ചെയ്തതാണ്. മുഖ്യമന്ത്രിക്കെതിരെയുള്ള യുദ്ധം യുഡിഎഫ് മുന്നോട്ട് കൊണ്ടുപോകും. എല്ലാ അഴിമതി ആരോപണങ്ങളിലും ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ആരോപിച്ചു.

താൻ ഉന്നയിച്ച എല്ലാ ആരോപണങ്ങളും വസ്തുതകളുടെ പിൻബലത്തിലാണ്. മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. 
ബിജെപി അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു സർക്കാരുകളെ അട്ടിമറിക്കുന്നു എന്നത് സത്യം തന്നെയാണ്. പക്ഷേ ആരാണ് കേരളത്തിൽ കേന്ദ്ര ഏജൻസികളെ ക്ഷണിച്ചുകൊണ്ടുവന്നത്.  എന്നിട്ടും അന്വേഷണ ഏജൻസികൾക്ക് മുഖ്യമന്ത്രി നൽകുന്നത് ഗുഡ് സർട്ടിഫിക്കറ്റ്. 

വാളയാറിൽ നിന്നും ഉയരുന്നത് നീതി നിഷേധത്തിന്റെ കാറ്റാണ്. ആ കാറ്റിൽ സർക്കാർ ഒലിച്ചുപോകും. താൻ കാടും മരവും കാട്ടിൽ കയറി മരം വെട്ടുന്ന കളളന്മാരെയും കാണുന്നുണ്ട്. ചിലരെ കയ്യോടെ പിടിച്ചിട്ടുമുണ്ട്. ബിനീഷിന്റെ അറസ്റ്റിൽ മുഖ്യമന്ത്രി പ്രതികരിക്കാൻ തയാറായില്ല.മയക്കുമരുന്ന് വിൽക്കുന്ന ശക്തികളുടെ പിന്നിൽ പാർട്ടി സെക്രട്ടറിയുടെ മകനാണ്. ഇതിൽ പാർട്ടിക്കും പങ്കില്ലേ. പാർട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കാനുള്ള സാമാന്യ മര്യാദ കോടിയേരി കാണിക്കണം. ഐ ഫോണിന്റെ തന്റെ പേരിൽ  വ്യാജ  വാർത്ത പ്രചരിപ്പിച്ചു
ഐ ഫോണുകൾ ആർക്കെല്ലാം കിട്ടിയെന്നത് അന്വേഷിക്കണം എന്ന ആവശ്യത്തിന് ഇതുവരെയും മറുപടിയില്ല. ഏറ്റവും വിലപിടിപ്പുള്ള ഫോണ് ആർക്കാണ് കിട്ടിയത്.  മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും. ഈ സർക്കാർ ഒരു ഭാരമായി മാറി. സ്വർണ്ണകള്ളക്കടത്തിൽ പങ്കുള്ള കൂടുതൽ പേർ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. ഇനിയും കൂടുതൽ ആളുകൾ കുടുങ്ങുമെന്നും ചെന്നിത്തല പറഞ്ഞു. 

Follow Us:
Download App:
  • android
  • ios