തിരുവനന്തപുരം:  റിമാന്‍ഡ് പ്രതി കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  പൊലീസിന്‍റെ ക്രൂരമര്‍ദ്ധനം മൂലമാണ്  ഷെഫീക്ക് മരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. അറസ്റ്റ് ചെയ്ത ജനുവരി 11 ന് തന്നെ ഷഫീക്കിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അബോധാവസ്ഥയിലാണ് ഷെഫീക്കിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്.  

ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ ഷഫീക്കിന്‍റെ തലയ്ക്ക് പിന്നില്‍ ആഴമേറിയ മുറിവുണ്ടായിരുന്നുവെന്ന്  വീട്ടുകാര്‍ പറയുന്നു. തലയ്ക്ക്   ശക്തിയായ ക്ഷതമേറ്റതാണെന്നും ഞരമ്പ് പൊട്ടിയിതല്ലന്നും ചികിത്സിച്ച ഡോക്ടറും പറയുന്നു. ക്രൂരമായ പൊലീസ് മര്‍ദ്ദനം നടന്നെന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്. സത്യാവസ്ഥ പുറത്ത് വരാന്‍  ജൂഡീഷ്യല്‍ അന്വേഷണം  അനിവാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

അതേസമയം പ്രതി മരിച്ച സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജി സാം തങ്കയ്യൻ അന്വേഷണം ആരംഭിച്ചു. എറണാകുളം ജില്ലാ ജയിലിലെത്തിയ ഉദ്യോഗസ്ഥൻ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു. എന്നാൽ ജയിലിനുള്ളിൽ വെച്ച് മർദ്ധനം ഉണ്ടായിട്ടില്ലെന്നും പരിക്കുകളോടെയല്ല ഷെഫീക്കിനെ ജയിലിൽ പ്രവേശിപ്പിച്ചതെന്നും ജില്ലാ ജയിൽ സൂപ്രണ്ട് ഡിജിപിക്ക് റിപ്പോർട്ട് നൽകി.

ഷഫീക്കിന്‍റെ മരണ കാരണം  ജയിലിൽ വെച്ചേറ്റ മര്‍ദ്ധനമാണെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണ് അന്വേഷണത്തിന് ജയിൽ ഡിജിപി ഋഷിരാജ് സിങ് ഉത്തരവിട്ടത്. പ്രതിയെ റിമാന്‍റില്‍ പ്രവേശിപ്പിച്ചിരുന്ന ബോസ്റ്റൽ സ്‌കൂളിലും എറണാകുളം ജനറൽ ആശുപത്രിയിലും എത്തി ഡിഐജി തെളിവെടുപ്പ് നടത്തി. ഷഫീക്ക് കഴിഞ്ഞിരുന്ന കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങളും  ശേഖരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ എറണാകുളം സബ് കളക്ടർ ഹാരിസ് റഷീദിന്‍റെ മേൽ നോട്ടത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വൈകിട്ടോടെ പോസ്റ്റുമോർട്ടം പൂർത്തിയായി. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

തുടർന്ന് മൃതദ്ദേഹം ഷഫീക്കിന്‍റെ കാനിരപ്പള്ളി വട്ടകപ്പാറയിലെ വീട്ടിലേക് കൊണ്ടുപോകും വഴി കോൺഗ്രസ്‌ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധിച്ചു.  ഷഫീക്കിന്‍റെ മരണം  പൊലീസ് മർദ്ദനം മൂലമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.  ഇവർ ആംബുലൻസ് തടഞ്ഞു. പൊലീസ് ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു. വീട്ടിൽ  പൊതു ദർശനത്തിന് വെച്ച ശേഷം രാത്രി  8.15 ഓടെ നൈനാർ പള്ളിയിൽ മൃതദേഹം  കബറടക്കി.