തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ വിവാദ ഫയലുകള്‍ സൂക്ഷിച്ചിരുന്ന  പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന ഫോറന്‍സിക്ക് റിപ്പോര്‍ട്ടോടെ സത്യം മൂടി വയ്ക്കാനുള്ള സര്‍ക്കാരിന്‍റെ  മറ്റൊരു ശ്രമം കൂടി പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീപിടുത്തത്തിന് പിന്നില്‍ ശക്തമായ ഗൂഡാലോചന ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ തീപിടുത്തത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തലയുടെ വാക്കുകള്‍

തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഫോറന്‍സിക് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വളരെ ഗൗരവപൂര്‍വ്വം കാണണം. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ല തീപിടുത്തമെങ്കില്‍ ആരാണ് തീ വച്ചതെന്നാണ് ഇനി അറിയേണ്ടത്. തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. അടച്ചിട്ടിരുന്ന മുറിയിലെ ഫാന്‍ എങ്ങനെ ഉരുകി താഴെ വീണ് തീപിടിക്കുമെന്ന് പ്രതിപക്ഷം അന്നേ ചോദിച്ചിരുന്നതാണ്. ഫയലുകള്‍ മത്രമാണ് കത്തിയത്. അവിടെ ഇരുന്ന എളുപ്പം തീപിടിക്കാവുന്ന സാനിടൈസര്‍ പോലും കത്തിയില്ലെന്നാണ് കോടതിയില്‍ കൊടുത്തിട്ടുള്ള റിപ്പോര്‍ട്ട്.

ഈ സംഭവത്തില്‍ പ്രതിപക്ഷവും മാദ്ധ്യമങ്ങളും കള്ളക്കഥകള്‍ മെനയുകയാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞ മുഖ്യമന്ത്രിക്ക് ഇനി എന്താണ് പറയാനുള്ളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.  മാധ്യമങ്ങള്‍ക്കെതിരെ കേസു കൊടുക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച സര്‍ക്കാരാണിത്. പ്രതിപക്ഷവും മാധ്യമങ്ങളും പറഞ്ഞത് ശരിയാണെന്ന് തെളിയുകയാണിപ്പോള്‍. ഫോറിന്‍സിക് റിപ്പോര്‍ട്ടിന്‍റെ വെളിച്ചത്തില്‍ മാദ്ധ്യമങ്ങള്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് പിന്‍വലിക്കണം.

ഈ തീപിടുത്തത്തിന് പിന്നില്‍ ആഴത്തിലുള്ള ഗൂഢാലോചന നടന്നതായി വ്യക്തമാണ്. ഒരു ജീവനക്കാരന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഓഫീസില്‍ ഉണ്ടായ തീപിടുത്തം, തീപിടുത്തത്തിന് തൊട്ടു മുന്‍പ് അടച്ചിട്ടിരുന്ന ഓഫീസിലെ ചില ജീവനക്കാരുടെ സംശയകരമായ സാന്നിദ്ധ്യം, തീപിടുത്തം ഉണ്ടായ ഉടന്‍ മാദ്ധ്യമങ്ങളെ പുറത്താക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കാട്ടിക്കൂട്ടിയ  വെപ്രാളം, ജനപ്രതിനിധികളെപ്പോലും സെക്രട്ടേറിയറ്റിലേക്ക് കടത്താതിരിക്കാന്‍ കാണിച്ച ശാഠ്യം, തീപിടുത്തത്തെ പറ്റിയുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി കാണിച്ച അസഹിഷ്ണുത, തീപിടുത്തം റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങളെ വേട്ടയാടാന്‍ കാണിച്ച അമിതോത്സാഹം തുടങ്ങി എല്ലാം ഈ തീപിടുത്തത്തിന്‍റെ പിന്നിലെ ദുരൂഹതയിലേക്കും ഗൂഢാലോചനയിലേക്കും വിരല്‍ ചൂണ്ടുന്നു.

തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് വരുത്തി തീര്‍ത്ത് സത്യം മൂടി വയ്ക്കാനാണ് കൊണ്ടു പിടിച്ച ശ്രമം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്ന് ഉദ്യോഗസ്ഥ തല സമിതിയെക്കൊണ്ട് റിപ്പോര്‍ട്ട് എഴുതി വാങ്ങി രക്ഷപ്പെടാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമമവും പരാജയപ്പെട്ടിരിക്കുകയാണ്. സത്യം അധിക ദിവസം മൂടിവയ്ക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.