കസ്റ്റഡിയിൽ വെച്ച് പൊലീസിന്റെ ക്രൂര മർദനത്തിന് ഇരയായ സുജിത്തിന്റെ വീട് രമേശ് ചെന്നിത്തല സന്ദർശിച്ചു

തൃശ്ശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മൗനം നാട്ടിൽ ഇതുപോലുള്ള ആക്രമണങ്ങൾ ഉണ്ടാകുന്നതിന് പ്രേരണയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡിയിൽ വെച്ച് പൊലീസിന്റെ ക്രൂര മർദനത്തിന് ഇരയായ സുജിത്തിന്റെ വീട് സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായിയുടെ പൊലീസ് നയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് സുജിത്ത്. പിണറായി സർക്കാരിന്റെ പൊലീസ് നയത്തിന്റെ ഭാഗമാണിത്. നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര, സർവ്വീസിൽ നിന്നും പുറത്താക്കുകയാണ് വേണ്ടത്. പിണറായി വിജയൻ പൊലീസ് സ്റ്റേഷനുകളെ കോൺസൻട്രേഷൻ ക്യാമ്പുകൾ ആക്കി മാറ്റുകയാണോ? ഇക്കാര്യത്തിൽ മറുപടി പറയേണ്ടത് ഡിജിപി അല്ല, മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ മൗനം നാട്ടിൽ ഇതുപോലുള്ള ആക്രമണങ്ങൾ ഉണ്ടാകുന്നതിന് പ്രേരണയുണ്ടാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറ വെക്കുന്ന സുപ്രീംകോടതി കേസിൽ കക്ഷിചേരാൻ സുജിത്തിന് പാർട്ടിയുടെ എല്ലാ സഹായവും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

കസ്റ്റഡി മർദനത്തിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തിട്ടുണ്ട്. ഉത്തര മേഖല ഐജിക്ക് നൽകിയ റിപ്പോർട്ടിലാണ് സസ്പെൻഷന് ശുപാർശ ചെയ്തിരിക്കുന്നത്. എസ് ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരെ സസ്പെൻഡ് ചെയ്താൽ പോരാ പുറത്താക്കണമെന്ന് മർദനത്തിന് ഇരയായ സുജിത്ത് പറഞ്ഞു. സസ്പൻഷൻ ശുപാർശയിൽ തൃപ്തി ഇല്ലെന്നും സുജിത്ത് പറഞ്ഞു.

YouTube video player