തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാറിൽ സംസ്ഥാന സർക്കാരിന്റെ ഗൂഢാലോചന പുറത്തായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയത് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയാണ്. മന്ത്രി സ്ഥാനത്തിരിക്കാൻ മേഴ്സിക്കുട്ടിയമ്മയ്ക്ക് ധാർമികമായ യോഗ്യത ഇല്ല. മന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല പറഞ്ഞു.

മൽസ്യ നയത്തിന് വിരുദ്ധമായിരുന്നെങ്കിൽ എന്തിന് ഇഎംസിസിയുമായി മുഖ്യമന്ത്രിയുടെ അടുത്തെത്തി. നയത്തിന് വിരുദ്ധമെന്ന് എന്തു കൊണ്ട് മുഖ്യമന്ത്രിക്ക് മനസിലായില്ല.  പ്രതിപക്ഷം ഇത് ഉന്നയിച്ചിരുന്നില്ലെങ്കിൽ മന്ത്രിസഭ പദ്ധതിയ്ക്ക് അംഗീകാരം നൽകുമായിരുന്നു. തന്നെ ഇ എം സി സി കണ്ടുവെന്ന മന്ത്രി ഇ പി ജയരാജൻ്റെ വാദം തെറ്റാണ്. 11 ന് താൻ തിരുവനന്തപുരത്തേ ഉണ്ടായിരുന്നില്ല. ഐശ്വര്യ കേരള യാത്രയുമായി തൃശൂരിൽ ആയിരുന്നു. വേണമെങ്കിൽ ഇതും അന്വേഷിച്ചോട്ടെ. 

ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി സർക്കാരിന് രക്ഷപ്പെടാൻ കഴിയില്ല. ടി.കെ.ജോസിൻ്റെ റിപ്പോർട്ട് സ്വീകാര്യമല്ല. ജുഡീഷ്യൽ അന്വേഷണം തന്നെ വേണം. ബി ജെ പി ക്ക് റോളില്ലാത്തതു കൊണ്ട് ഓരോന്നു പറയുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ പറ്റി എന്താണ് ബി ജെ പി പറയാത്തത്. താൻ പറയുന്നതാണ് കേരളത്തിലെ ഉദ്യോഗസ്ഥർ ചെയ്യുന്നെങ്കിൽ താൻ ഒരു വലിയ ആളാണല്ലോ. നാളെ പൂന്തുറയിൽ സത്യഗ്രഹം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.