തിരുവനന്തപുരം: സിപിഎമ്മിൻ്റെ ജീർണതയുടെ ആഴം തെളിയിക്കുന്നതാണ് ബിനീഷിൻ്റെ വീട്ടിലെ റെയ്ഡെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമാണ് പ്രതിസ്ഥാനത്ത് നിൽക്കുന്നതെന്നും ആദർശം പ്രസംഗിച്ച് അധോലോക പ്രവർത്തനം നടത്തുന്ന പാർട്ടിയാണ് സിപിഎം എന്നും ചെന്നിത്തല ആരോപിച്ചു.

അന്തസുണ്ടെങ്കിൽ കോടിയേരി രാജിവയ്ക്കണം. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കരുത്. ചെന്നിത്തല ആവശ്യപ്പെട്ടു. ബിനീഷ് കേസിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എല്ലാം അദ്ദേഹത്തിനറിയാമായിരുന്നുവെന്നതിന്റെ തെളിവാണെന്നും ചെന്നിത്തല ആരോപിച്ചു. 

കെ ഫോൺ പദ്ധതിയുടെ കാര്യത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വലിയ തോതിൽ അഴിമതി നടന്നിട്ടുണ്ടെന്നും ആരോപിച്ചു. പദ്ധതിക്ക് ആരും എതിരല്ലെന്നും പദ്ധതിയുടെ പേരിൽ നടക്കുന്ന അഴിമതി കണ്ടെത്തണമെന്നുമാണ് ചെന്നിത്തലയുടെ നിലപാട്. പദ്ധതി നിർത്തണമെന്ന നിലപാട് യുഡിഎഫിനില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. 

വയനാട്ടിലെ മാവോയിസ്റ്റ് എറ്റുമുട്ടലിലും ചെന്നിത്തല സംശയം പ്രകടിപ്പിക്കുന്നു. കേസിൽ സത്യാവസ്ഥ പുറത്ത് വരണമെന്നും ഇതിന് ജുഡീഷ്യൽ വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മാവോയിസ്റ്റായാൽ കൊല്ലണമെന്നുണ്ടോ? ഈ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

കമറുദ്ദീനെ ആരും സംരക്ഷിക്കുന്നില്ലെന്നും ലീഗ് എംൽഎക്കെതിരെ നടപടി മുസ്ലീംലീഗ് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.