Asianet News MalayalamAsianet News Malayalam

'കാഴ്ചയില്ലാത്ത സ്കൂബിയെ ഞങ്ങള്‍ ചേര്‍ത്ത് പിടിച്ചു'; ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി രമേശ് ചെന്നിത്തല

''സഹജീവികളോട്  സ്നേഹത്തോടെ പെരുമാറുക. സ്നേഹിച്ചാൽ ഇരട്ടിയായി സ്നേഹം തിരിച്ചു തരുന്ന ഈ  മൃഗങ്ങളെ ഉപദ്രവിക്കരുത്''

ramesh chennithala facebook post about his pet dog
Author
Alappuzha, First Published Dec 14, 2020, 8:57 AM IST

ആലപ്പുഴ: നെടുമ്പാശേരി അത്താണിക്ക് സമീപം ചാലയ്ക്ക എന്ന സ്ഥലത്ത് ടാക്സി ഡ്രൈവര്‍ നായയെ കഴുത്തിൽ കുരുക്കിട്ട് കാറിൽ കെട്ടി ഓടിച്ച് പോകുന്ന വീഡിയോക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. വീഡിയോ വൈറലായതോടെ  വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്യുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത കാണിച്ചതിനെതിരെ വലിയ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്‍റെ വളര്‍ത്ത് നായയെ കുറിച്ച് എഴുതിയ കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്.

തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്ത് നായ സ്കൂബിയ്ക്ക് കാഴ്ച ശക്തിയില്ലെന്ന വിവരം അറിഞ്ഞപ്പോഴുണ്ടായ സങ്കടവും പിന്നീട് അവനെ ചേര്‍ത്ത് പിടിച്ചതിനെക്കുറിച്ചും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. സ്വന്തം ശരീരത്തെക്കാളേറെ  ഉടമയെ സ്നേഹിക്കുന്ന മൃഗമാണ് നായ.  സഹജീവികളോട്  സ്നേഹത്തോടെ പെരുമാറുക. സ്നേഹിച്ചാൽ ഇരട്ടിയായി സ്നേഹം തിരിച്ചു തരുന്ന ഈ  മൃഗങ്ങളെ ഉപദ്രവിക്കരുത്. ഈ ദുനിയാവിന്, മനുഷ്യർ മാത്രമല്ല,  അവർ കൂടി അവകാശികളാണ്- ചെന്നിത്തല പറയുന്നു.

വളർത്തുനായയെ കാറിൽ കെട്ടിവലിച്ച വാർത്ത കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോഴാണ്  അറിയുന്നത്. റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയതും പരുക്കേറ്റ് നായ അവശയായതും ഏറെ വേദനയോടെയാണ് കണ്ടത്. കാസർഗോഡ് അവസാനഘട്ട പ്രചാരണവും കഴിഞ്ഞു തിരുവനന്തപുരത്തെ വസതിയിലെത്തിയപ്പോൾ,  ഞങ്ങളുടെ വളർത്തുനായ സ്‌കൂബി ഓടിയെത്തി  സ്നേഹപ്രകടനം തുടങ്ങി. 

ഇളയമകൻ രമിത്ത് രണ്ടര വർഷം മുൻപാണ് സ്‌കൂബിയെ വീട്ടിലെ അംഗമാക്കുന്നത്. ഞങ്ങളെല്ലാവരുമായി നായ്ക്കുട്ടി വേഗം ഇണങ്ങി. കുറച്ചു നാളുകൾ  പിന്നിട്ടപ്പോഴാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. നീട്ടി വിളിച്ചാൽ ഓടിയെത്തുന്ന സ്‌കൂബി ഭാര്യ അനിതയുടെ  കാലിൽ ഇടിച്ചാണ് നിൽക്കുന്നത്. മൃഗഡോക്ടറെ കാണിച്ചപ്പോഴാണ് സ്‌കൂബിക്ക് കാഴ്ച ഇല്ലെന്ന് മനസിലാകുന്നത്. 
കാഴ്ച ശക്തി ഇല്ലെന്ന് അറിഞ്ഞതോടെ ആദ്യം വിഷമമായെങ്കിലും പിന്നീട് കൂടുതൽ ഇഷ്ടത്തോടെ ഞങ്ങൾ ചേർത്തുപിടിച്ചു തുടങ്ങി. 

ഏതെങ്കിലും ഒരു പോരായ്മ നികത്താനായി  മറ്റെന്തെങ്കിലും കഴിവ് ദൈവം കൂടുതൽ നൽകും എന്ന് പറയുന്നത് സ്‌കൂബിയുടെ കാര്യത്തിൽ ശരിയാണെന്ന് തിരിച്ചറിഞ്ഞു. ചെത്തികൂർപ്പിച്ച  ചെവിയും മൂക്കും കൊണ്ട് സ്‌കൂബി അന്ധതയെ മറികടന്നു.
സ്വന്തം ശരീരത്തെക്കാളേറെ  ഉടമയെ സ്നേഹിക്കുന്ന മൃഗമാണ് നായ.  സഹജീവികളോട്  സ്നേഹത്തോടെ പെരുമാറുക. സ്നേഹിച്ചാൽ ഇരട്ടിയായി സ്നേഹം തിരിച്ചു തരുന്ന ഈ  മൃഗങ്ങളെ ഉപദ്രവിക്കരുത്. ഈ ദുനിയാവിന്, മനുഷ്യർ മാത്രമല്ല,  അവർ കൂടി അവകാശികളാണ്- ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
 

Follow Us:
Download App:
  • android
  • ios