Asianet News MalayalamAsianet News Malayalam

ഭ്രാന്തൻ നയം തിരുത്തണം; കേന്ദ്ര സർക്കാരിന്റെ വാക്സീൻ നയത്തിനെതിരെ രമേശ് ചെന്നിത്തല

ഒരേ വാകിസിന് മൂന്നു തരം വില നിശ്ചയിക്കുന്നത് ഭ്രാന്തന്‍ നടപടിയാണ്. ചെന്നിത്തല പറയുന്നു. ഈ നീക്കം സമൂഹത്തില്‍ അസമത്വം സൃഷ്ടിക്കുമെന്നും ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് തന്നെ ഇത് എതിരാണ്.

ramesh chennithala lashes out against central government vaccine policy
Author
Trivandrum, First Published Apr 23, 2021, 3:39 PM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വാക്സീൻ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭ്രാന്തന്‍ വാക്‌സീന്‍ നയം തിരുത്തി രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വാക്‌സീന്‍ എത്തിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുന്ന ദയനീയ അവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ് ഇത് ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും കേന്ദ്ര സര്‍ക്കാര്‍ അനങ്ങാതിരുന്നതിന്റെ തിക്ത ഫലമാണെന്ന് കുറ്റപ്പെടുത്തി.

ഒരു ആപത്ഘട്ടത്തില്‍ പൗരന്മാരെ സംരക്ഷിക്കുക എന്നതാണ് ഏതൊരു ഭരണ കൂടത്തിന്റെയും അടിസ്ഥാന കടമ. ആ കടമ നിറവേറ്റാതെ ഔഷധക്കമ്പനികളുടെ കൊള്ളയടിക്ക് പൗരന്മാരെ എറിഞ്ഞു കൊടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഒരേ വാകിസിന് മൂന്നു തരം വില നിശ്ചയിക്കുന്നത് ഭ്രാന്തന്‍ നടപടിയാണ്. ചെന്നിത്തല പറയുന്നു. ഈ നീക്കം സമൂഹത്തില്‍ അസമത്വം സൃഷ്ടിക്കുമെന്നും ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് തന്നെ എതിരാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കേന്ദ്ര നീക്കം വലിയ ആശയക്കുഴപ്പത്തിന് കാരണമാകുമെന്നും ഇത് അനാരോഗ്യകരമായ വടംവലിക്ക് സംസ്ഥാനങ്ങളെ എറിഞ്ഞു കൊടുക്കുന്ന അവസ്ഥയുണ്ടാക്കുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകുന്നു. കുറഞ്ഞ വിലയക്ക് കേന്ദ്രത്തിന് ലഭിക്കുന്ന വാക്‌സീന്‍ നീതിപൂര്‍വ്വവും വിവേചന രഹിതായമായും  സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള നടപടികളും ഉണ്ടാവണം.

വാക്‌സീന്‍ വിതരണത്തെയും ദൗര്‍ലഭ്യത്തെയും കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നപ്പോള്‍ ആ ചുമതല സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടി വച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്നും ഒരു ജനാധിപത്യ സര്‍ക്കാരും ചെയ്യാന്‍ പാടില്ലാത്തതാണിതെന്നും ചെന്നിത്തല പറയുന്നു.

Follow Us:
Download App:
  • android
  • ios