Asianet News MalayalamAsianet News Malayalam

'ജോസ് വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയിട്ടില്ല', മാറ്റി നിര്‍ത്തല്‍ മാത്രമെന്ന് രമേശ് ചെന്നിത്തല

രാജിവെക്കാതിരുന്ന ജോസ് വിഭാഗം എന്നാൽ ഇങ്ങനെയൊരു ധാരണയില്ലെന്ന നിലപാടാണ് എടുത്തത്. ആ ഘട്ടത്തിലാണ് ജോസ് വിഭാഗത്തെ യുഡിഎഫ് യോഗത്തില്‍ പങ്കെടുപ്പിക്കേണ്ടെന്ന നിലപാടെടുത്തത്

ramesh chennithala on kerala congress jose k mani faction suspends
Author
Thiruvananthapuram, First Published Jul 1, 2020, 6:04 PM IST

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് യോഗങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്തത്. ജോസ് വിഭാഗത്തെ പുറത്താക്കിയെന്ന രീതിയില്‍ നടക്കുന്ന പ്രചാരണവും മാധ്യമങ്ങളില്‍ വന്നതും തെറ്റിധാരണയുണ്ടാക്കുന്നതാണെന്നും  ചെന്നിത്തല വാര്‍ത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

കേരള കോൺഗ്രസ് യു ഡി എഫിന്‍റെ അഭിഭാജ്യഘടകമാണ്. യോജിക്കാത്ത നില വന്നപ്പോൾ കേരളാകോൺഗ്രസ് രണ്ട് പാർട്ടിയായി പരിഗണിച്ച് മുന്നോട്ട് പോയി. പാലാ തെരഞ്ഞെടുപ്പിന് തലേന്നാൾ കോട്ടയം ജില്ലാ പഞ്ചായത്ത് ജോസ്, ജോസഫ് വിഭാഗത്തിനായി വീതം വയ്ക്കാൻ തീരുമാനിച്ചതാണ്. ആദ്യ ടേം ജോസ് കെ മാണിക്ക് നൽകി. യുഡിഎഫിലെ ഘടകകക്ഷി നേതാക്കളുമായി ഫോണില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കോട്ടയം ഡി സിസി പ്രസിഡന്റിനോട് ഇക്കാര്യം പ്രഖ്യപിക്കാനും നിർദ്ദേശിച്ചു. രാജി വെക്കേണ്ട എട്ടാമത്തെ മാസം വന്നപ്പോള്‍ ജോസ് വിഭാഗം രാജിവെച്ചില്ല. കൊവിഡ് സാഹചര്യത്തിലും രാജി നീണ്ടു പോയി. പിജെ ജോസഫ് ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് യുഡിഎഫിനെ സമീപിച്ചു.

കഴിഞ്ഞ നാല് മാസമായി പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ചര്‍ച്ച നടത്തി. ഫലപ്രദമായ തീരുമാനത്തിലെത്താൻ കഴിയാത്തതിനാലാണ് രാജി ആവശ്യം യുഡിഎഫ് കൺവീനർ പ്രഖ്യാപിച്ചത്. രാജിവെക്കാതിരുന്ന ജോസ് വിഭാഗം എന്നാൽ ഇങ്ങനെയൊരു ധാരണയില്ലെന്ന നിലപാടാണ് എടുത്തത്. ആ ഘട്ടത്തിലാണ് ജോസ് വിഭാഗത്തെ യുഡിഎഫ് യോഗത്തില്‍ പങ്കെടുപ്പിക്കേണ്ടെന്ന നിലപാടെടുത്തത്. യുഡിഎഫ് നേതൃത്വം ആരെയും പുറത്താക്കിയിട്ടില്ല. യുഡിഎഫ് മുന്നണിയുടെ വിശ്വാസവും ഐക്യവും കാത്തുസൂക്ഷിക്കാനാണ് നടപടി സ്വീകരിച്ചത്. രാജി വച്ചാൽ അവർക്ക് മടങ്ങി വരാമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

അതേ സമയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ കൂടുതൽ ജാഗ്രത കാണിക്കണമെന്നും ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ആരോഗ്യപ്രോട്ടോക്കോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പൂര്‍ണമായി പാലിക്കണം. സമരങ്ങളിൽ കൂടുതൽ പേർ പങ്കെടുക്കരുത്. ആളുകളുടെ എണ്ണം കുറച്ച് ആരോഗ്യ പ്രോട്ടോക്കോളനുസരിച്ചാകണം സമരങ്ങള്‍ സംഘടിപ്പിക്കുന്നത്. സര്‍ക്കാരും ആരോഗ്യവകുപ്പും കൂടുതല്‍ ജാഗ്രത കാട്ടിയില്ലെങ്കില്‍ പ്രതിസന്ധി വര്‍ധിക്കും. ഇക്കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാരുമായി സഹകരിക്കും. വിദേശത്ത് മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നൽകണം. സംസ്ഥാനത്ത് തൊഴിലിലായ്മ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് കൂടുതൽ സഹായം എത്തിക്കണം. പ്രവാസി പുനരധിവാസത്തിന് ജൂലൈ11 ന് യുഡിഎഫ് ഗ്ലോബല്‍ പ്രവാസി വെർച്ച്വൽ മീറ്റ് നടത്തും. ജൂലൈ 9 ന് പഞ്ചായത്ത് തലത്തിൽ സർക്കാരിനെതിരെ ധർണ്ണ നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios