Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയും മൂക സാക്ഷി; ശ്രീറാമിന് ജാമ്യം കിട്ടിയതിന് പിന്നില്‍ ഉന്നതരുടെ ഇടപെടലെന്നും ചെന്നിത്തല

സര്‍ക്കാരിന് ഇഛാശക്തിയുണ്ടെങ്കില്‍  കേസ് അട്ടിമറിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടത്

ramesh chennithala on sreeram venkitaraman bail
Author
Thiruvananthapuram, First Published Aug 6, 2019, 6:45 PM IST

തിരുവനന്തപുരം: യുവമാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്  എളുപ്പത്തില്‍ ജാമ്യം ലഭിച്ചത് പൊലീസിന്‍റെ ഗുരുതര വീഴ്ചമൂലമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസ് തേച്ചുമായ്ച്  കളയാന്‍  സര്‍ക്കാര്‍ തലത്തിലുള്ള ഉന്നതര്‍  ഇടപെട്ടുവെന്ന ആരോപണം ശരിവയ്കുന്നതാണ് ശ്രീറാമിന് ലഭിച്ച ജാമ്യമെന്നും ചെന്നിത്തല വാര്‍ത്താക്കുറിപ്പിലൂടെ ആരോപിച്ചു.

തുടക്കം മുതലെ പൊലീസ് ഈ കേസില്‍ ഒളിച്ച് കളിക്കുകയായിരുന്നുവെന്നും എഫ് ഐ ആറില്‍ ഉള്‍പ്പെടെ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിട്ട് പോലും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീറാം വെങ്കിട്ടരാമിനില്‍  നിന്നും രക്തസാമ്പിള്‍ എടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഈ വീഴ്ചകളെല്ലാം  മനപ്പൂര്‍വ്വം ആണെന്ന് ഇപ്പോള്‍  ബോധ്യമായെന്നും ഗുരുതരമായ വീഴ്ചകള്‍ പലതും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ട് പോലും അത് തിരുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായില്ലെന്നും ചെന്നിത്തല വിവരിച്ചു. ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയും മൂക സാക്ഷിയായി നിന്നു. ഇതെല്ലാമാണ് എളുപ്പത്തില്‍ പ്രതിക്ക് ജാമ്യം കിട്ടുന്ന അവസ്ഥയിലേക്ക് നയിച്ചതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

സര്‍ക്കാരിന് ഇഛാശക്തിയുണ്ടെങ്കില്‍  കേസ് അട്ടിമറിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടത്. മുഖ്യമന്ത്രി തുടക്കത്തില്‍ പറഞ്ഞത് ഈ കേസില്‍ എത്ര ഉന്നതരായാലും നടപടിയെടുക്കുമെന്നാണ്, ഇനിയെങ്കിലും കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios